കഴിഞ്ഞവര്‍ഷത്തെ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 56 കുടുംബങ്ങള്‍ക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജില്‍ വീടും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമി ലഭിക്കുംവിധമാണ് നിര്‍മാണം. ഒരു വീടിന് 6.5 ലക്ഷം രൂപയാണ് ചെലവ്. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സഹായത്തോടൊപ്പം വിവിധ സന്നദ്ധസംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് വീടുകള്‍ പണിയുന്നത്.
ഈ പദ്ധതിയുമായി സഹകരിക്കാന്‍ 6 സന്നദ്ധ സംഘടനകള്‍ തയ്യാറായിട്ടുണ്ട്. മുഴുവന്‍ വീടുകളും നിര്‍മിക്കാനാവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുവെന്നതിനാല്‍ നിര്‍മാണത്തില്‍ കാലതാമസുണ്ടാകില്ല. സന്നദ്ധ സംഘടനകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയാണ് ‘സ്‌നേഹ ഭൂമി’ എന്ന പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങിയത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ വിലവരുന്ന ഈ സ്ഥലം വാങ്ങി നല്‍കിയ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.
വീടുകള്‍ക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള എല്ലാ സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും. കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം കുടിവെളള സംവിധാനം തുടങ്ങി മാതൃകാ ഗ്രാമത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയൊരുക്കും. ഒന്നിച്ചുനടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയില്‍ ഒരു മാതൃകാഗ്രാമമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായ 43 പേര്‍ക്ക് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മറ്റു പ്രദേശങ്ങളില്‍ താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 56 പേര്‍ക്കാണ് കോട്ടപ്പടിയില്‍ മാതൃകാഗ്രാമം ഒരുങ്ങുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായാണ് റീബില്‍ഡ് പുത്തുമല ആവിഷ്‌കരിച്ചത്. അതിലെ ആദ്യ പദ്ധതിയാണ് ഹര്‍ഷം.
ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത്. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിന്റെ ആഘാതം കുറച്ചത് ചിട്ടയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളാകെ ഈ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനും അടിയന്തര ആശ്വാസം എത്തിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി.
മേപ്പാടി ഗ്രാമപഞ്ചായത്തും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചു. വീട് നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് 6 മാസത്തെ വീട്ടുവാടക നല്‍കുന്നതിനും അവര്‍ക്ക് കാര്‍ഷികവൃത്തിക്ക് സ്ഥലം കണ്ടെത്തി നല്‍കുന്നതിനും മുന്‍കൈയെടുത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.

Get real time update about this post categories directly on your device, subscribe now.