മനസു നിറയ്ക്കുന്നു മലപ്പുറത്തിന്റെ മനുഷ്യത്വവുമായി കേരളത്തിന്റെ പോലീസ് സേന..

നല്ല മനസുള്ള മലപ്പുറത്തിന്റെ കഥകള്‍ നമ്മള്‍ മലയാളികള്‍ ഒട്ടനവധി കേട്ടു കാണും. മലപ്പുറത്തു വന്നിട്ടുള്ള ഏതൊരാളും മലപ്പുറത്തിന്റെ മനുഷ്യത്വത്തെ കുറിച്ച് പറയാതെ പോയിക്കാണില്ല. അതുപോലെ മനം നിറയ്ക്കുന്ന ഒരു മലപ്പുറം കഥയാണ് തൃശൂരില്‍ നിന്നെത്തിയ മൂന്നു ചെറുപ്പക്കാര്‍ക്ക് പറയാനുള്ളത്.

2020 ജൂണ്‍ 19 വെള്ളിയാഴ്ചയാണ് സംഭവം. സമയം രാത്രി ഒരു മണിയോടടുക്കുന്നു. ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മൂന്നംഗ സംഘം.

രാത്രിയേറെ വൈകിയിരിക്കുന്നു. കൂട്ടത്തില്‍ രണ്ടു പേര്‍ ഭക്ഷണം കഴിച്ചിട്ടില്ല. ഭക്ഷണത്തിനായി കുന്നംകുളം മുതല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളോ തട്ടുകടകളോ ഒന്നുമില്ല. പെരുമ്പിലാവും കടന്നു മുന്നോട്ടു പോകവേ വിശപ്പ് കലശലായി.

ഒരുതട്ടുകടയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ കൈവിടാതെ മുന്നോട്ടുള്ള യാത്ര.
കടവല്ലൂര്‍ കഴിഞ്ഞ് കോലിക്കരയെത്തിയപ്പോള്‍ ഒരു ചെറിയ ഹോട്ടല്‍ തുറന്നിരിക്കുന്നു. കണ്ടപാടെ വണ്ടി നിര്‍ത്തി കൂട്ടത്തിലുണ്ടായിരുന്ന യുവാവ് നേരെ ഹോട്ടലിലേയ്ക്ക് കയറി.
പക്ഷേ നിരാശയായിരുന്നു ഫലം. അവിടെ ഭക്ഷണമില്ല. ആകെയുള്ളത് കട്ടന്‍ ചായ മാത്രം.

കടുത്ത വിശപ്പില്‍ ഭക്ഷണം കിട്ടാത്ത നിരാശരായില്‍ കടയില്‍ നിന്ന് പുറത്തിറങ്ങി.
ഈ സമയം പുറത്ത് ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു.  കണ്ടപാടെ ഭക്ഷണം തേടിയെത്തിയ യുവാവിനെ പോലീസ് അടുത്തേക്ക് വിളിച്ചു.

മാസ്‌ക് ശരിയ്ക്കും ധരിക്കാത്തതിന് പെറ്റിയടിക്കാനാണെന്നുറച്ച് യുവാവ് പോലീസ് ജീപ്പിനു മുന്നിലെത്തി. എവിടേയ്ക്കാ ഈ പാതിരാത്രിയെന്ന് എസ്ഐയുടെ ചോദ്യം. കോഴിക്കോട്ടേക്കാണെന്ന് മറുപടി നല്‍കി.  ഭക്ഷണം കഴിച്ചില്ലേ..? വീണ്ടുമെത്തി എസ് ഐ യുടെ ചോദ്യം. ഇല്ല വന്ന വഴിയിലൊന്നും ഹോട്ടലുകളില്ല.

ഇതു കേട്ട എസ്ഐ ജീപ്പിനുള്ളിലേയ്ക്ക് കൈ നീട്ടി രണ്ടു പൊതികളെടുത്തു.
എത്ര പേരുണ്ട് വണ്ടിയില്‍. മൂന്നു പേരെന്നും അതിലൊരാള്‍ കഴിച്ചതാണെന്നും മറുപടി. യുവാവിന്റെ നേരെ ഇരു പൊതികള്‍ നീട്ടി എസ് ഐ പറഞ്ഞു ഇത് ചപ്പാത്തിയും ചിക്കന്‍ കറിയുമാണ്.

നിങ്ങള് കഴിച്ചോളൂ. ഭക്ഷണപ്പൊതി വാങ്ങവേ യുവാവ് ചോദിച്ചു.  ഇത് ഇങ്ങനെ വരുന്നവര്‍ക്ക് കൊടുക്കാനായി കരുതിയതാണോ… ? സൗമ്യനായി അദ്ദേഹം പറഞ്ഞു അല്ല ഇത് ഞങ്ങള്‍ കഴിക്കാനായി കരുതിയതാണ്. ഞങ്ങള്‍ക്ക് അത്രയ്ക്ക് വിശപ്പില്ല നിങ്ങള് കഴിച്ചോ. വിശപ്പിന്റെ കാഠിന്യം കൊണ്ട് പൊതിവാങ്ങി ഇരുവരും ഭക്ഷണം കഴിച്ചു. എന്നിട്ടാണ് പോലീസുകാരോട് കുശലാന്വേഷണം നടത്തിയത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര സ്റ്റേഷനിലെ എസ്.ഐ ഹക്കീമും സിവില്‍ പോലീസ് ഓഫിസര്‍ അജീഷുമാണ് തങ്ങള്‍ക്കു വാങ്ങിയ ഭക്ഷണം വിശന്നു വന്നവര്‍ക്ക് നല്‍കിയത്. കരിപ്പൂരിലിറങ്ങിയ പ്രവാസികള്‍ക്ക് ജില്ലാ അതിര്‍ത്തിയായ കോലിക്കര വരെ എസ്‌കോര്‍ട്ട് വന്നതാണ് ഇരുവരും. ഇതിനിടയില്‍ വാങ്ങിയ ഭക്ഷണമാണ് യാത്രികര്‍ക്ക് നല്‍കിയത്. വിശക്കുന്നവര്‍ക്കുള്ളതല്ലേ ഭക്ഷണമെന്നായിരുന്നു എസ് ഐ യുടെ ചോദ്യം.

ഇവിടെ അര്‍ദ്ധരാത്രിയിലും യാത്രക്കാര്‍ക്കായി ഇരിക്കുന്ന ഒരാള്‍ കൂടിയുണ്ട്. രാത്രികാല യാത്രക്കാര്‍ക്ക് സൗജന്യ കട്ടനുണ്ടാക്കി കൊടുക്കുന്നതിനു മാത്രമായി അര്‍ദ്ധരാത്രിയും തുറന്നിരിക്കുന്ന റോഷന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അര്‍ദ്ധരാത്രി കരിപ്പൂരില്‍ വിമാനമിറങ്ങുന്നവരുടെയെല്ലാം ഇടത്താവളം കോലിക്കരയാണ്.

ജില്ലാ അതിര്‍ത്തി വരെ എത്തിക്കുന്ന മലപ്പുറം പോലീസും അവിടുന്ന് പ്രവാസികളെ ഏറ്റെടുക്കുന്ന തൃശൂര്‍ പോലീസും സന്ധിക്കുന്ന സ്ഥലം. ഇങ്ങനെയെത്തുന്നവര്‍ക്ക് കട്ടന്‍ ചായ സൗജന്യമായി നല്‍കുന്നതിനാണ് റോഷന്‍ രാത്രിയും ഉണര്‍ന്നിരിക്കുന്നത്. അതെ ഇത് കേരളമാണ്… മലപ്പുറമാണ്.

ഏതു മഹാമാരി വന്നാലും മനുഷ്യനെ തിരിച്ചറിയുന്ന മലയാളികളുടെ നാട്. ഒരുപാട് നന്മകളുള്ള മലപ്പുറമെന്ന പ്രദേശം. ഭക്ഷണം…..അത് വിശക്കുന്നവനുള്ളതാണെന്ന മഹത്തായ തിരിച്ചറിവാണ് ആ രണ്ടു പോലീസുകാര്‍ നമുക്ക് നല്‍കുന്ന പാഠം.

നാമെല്ലാം ഒരിയ്ക്കലും മറക്കരുതാത്ത പാഠം. എരുമപ്പെട്ടി സ്വദേശികളും മാധ്യമ പ്രവര്‍ത്തകരുമായ കബീര്‍ കടങ്ങോടിനും റഷീദ് എരുമപ്പെട്ടിയ്ക്കും ആ നാട്ടുകാരന്‍ തന്നെയായ അലി അക്ബറിനുമാണ് മലപ്പുറം പോലീസ് മറക്കാനാവാത്ത എന്നാല്‍ മറക്കരുതാത്ത അനുഭവം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News