പ്രതിദിന രോഗബാധയില്‍ ദില്ലി ഒന്നാമത്; ലോക്‌ ഡൗണിന്‌ ശേഷം രണ്ടരലക്ഷം രോഗികൾ

കോവിഡ്‌ അൺലോക്കിന്‌ മോഡി സർക്കാർ തുടക്കമിട്ട്‌ 23 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചത്‌ രണ്ടര ലക്ഷത്തിലേറെപ്പേർക്ക്‌. ഒമ്പതിനായിരത്തോളംപേർ കോവിഡ്‌ ബാധിച്ചുമരിക്കുകയും ചെയ്‌തു. മെയ്‌ 31ന്‌ അടച്ചിടൽ അവസാനിക്കുമ്പോൾ 1,90,648 പേർക്കാണ്‌ രോഗം‌ സ്ഥിരീകരിച്ചിരുന്നത്‌.

ജൂൺ 23ഓടെ ഇത്‌ 4.53 ലക്ഷം കടന്നു. 23 ദിവസംകൊണ്ട്‌ 2.53 ലക്ഷം പേർകൂടി രോഗികളായി‌. 132 ശതമാനമാണ്‌ വർധന‌. മരണം മെയ്‌ 31ന്‌ 5405 ആയിരുന്നത്‌ 14,300ലേറെയായി. ഒമ്പതിനായിരത്തോളം പേരാണ്‌ മൂന്നാഴ്‌ചയിലായി മരിച്ചത്‌. 164 ശതമാനമാണ്‌ മരണത്തിലുണ്ടായ വർധന‌.

റെയിൽ–- വ്യോമ സർവീസുകളും മറ്റും പുനരാരംഭിച്ചത്‌ മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌ പോലുള്ള തീവ്രകേന്ദ്രങ്ങളിൽനിന്ന്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ കോവിഡ്‌ പടരുന്നതിന്‌ വഴിയൊരുക്കിയതായി വിദഗ്‌ധർ വിലയിരുത്തുന്നു.

മെയ്‌ അവസാനംവരെ രോഗം കുറഞ്ഞിരുന്ന ഹരിയാന, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വലിയതോതിൽ ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാചൽ, ഉത്തരാഖണ്ഡ്‌ തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിലും രോഗം കൂടി.

കോവിഡ്‌ പോസിറ്റിവിറ്റി നിരക്കും (പരിശോധിക്കുന്ന സാമ്പിളിൽ പോസീറ്റിവാകുന്ന കേസുകളുടെ തോത്‌) ഉയർന്നു. ജൂൺ 21 വരെ 7.74 ശതമാനമാണ്‌ പോസിറ്റിവിറ്റി നിരക്ക്‌. മെയ്‌ 24ന്‌ ഇത്‌ 5.37 ശതമാനമായിരുന്നു. കേരളത്തിൽ പോസിറ്റിവിറ്റി നിരക്ക്‌ നിലവിൽ 2.12 ശതമാനമാണ്‌. ഡൽഹിയിൽ ഇത്‌ 24.02 ആണ്‌. മഹാരാഷ്ട്രയിൽ 20.62, തെലങ്കാനയിൽ 14.94, ഹരിയാനയിൽ 11.05, ഗുജറാത്തിൽ 10.54, തമിഴ്‌നാട്ടിൽ എട്ട്‌ എന്നിങ്ങനെയാണ്‌ പോസിറ്റിവിറ്റി നിരക്ക്‌.

പതഞ്ജലി മരുന്ന്‌ വിൽക്കരുത്‌

കോവിഡിന്‌ പ്രതിരോധമരുന്ന്‌ കണ്ടെത്തിയെന്ന്‌ അവകാശവാദമുന്നയിച്ച ബാബാ രാംദേവിന്റെ പതഞ്ജലിയോട്‌ വിശദാംശങ്ങൾ ഹാജരാക്കാൻ ആയുഷ്‌ മന്ത്രാലയം. അതുവരെ മരുന്നിന്റെ വിൽപനയും പരസ്യവും ഒഴിവാക്കണമെന്നും നിർദേശമുണ്ട്‌. മരുന്നിനെക്കുറിച്ചുള്ള പഠനം, ഏതൊക്കെ ആശുപത്രികളിലാണ്‌‌ ഗവേഷണം നടത്തിയത്‌ എന്നിവയും ഇൻസ്റ്റിറ്റ്യൂഷണൽ‌ എത്തിക് കമ്മിറ്റിയുടെ അനുമതിയും ആയുഷ്‌ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രതിദിന രോഗബാധയിൽ മുന്നിൽ ഡൽഹി

പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ ഡൽഹി മഹാരാഷ്ട്രയെ പിന്തള്ളി. ചൊവ്വാഴ്‌ച 3947 പേർക്കാണ്‌‌ രോഗം ഡൽഹിയിൽ സ്ഥിരീകരിച്ചത്‌. 68 പേർ മരിച്ചു. സംസ്ഥാനത്ത്‌ ആകെ രോഗികൾ 66,602 ആയി. 2301 പേർ മരിച്ചു. രാജ്യത്ത്‌‌ കോവിഡ് ബാധിതരുടെ എണ്ണം 4.55 ലക്ഷം കടന്നു, മരണം 14,400 ഉം.

24 മണിക്കൂറിനിടെ 14,933 പുതിയ രോഗികളും 312 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 56.38 ശതമാനമായി ഉയർന്നു. 2.48 ലക്ഷം പേർക്ക്‌ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 10,994 പേർ രോഗമുക്തരായി. 71 ലക്ഷം സാമ്പിൾ പരിശോധിച്ചു.

മഹാരാഷ്ട്രയിൽ 3214 പുതിയ രോഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ചൊവ്വാഴ്‌ച 248 പേർ മരിച്ചു. ആകെ രോഗികൾ 1,39,010, മരണം 6531. ഗുജറാത്തിൽ ആകെ രോഗികൾ 28,429 ആയി. ചൊവ്വാഴ്‌ച 26 പേർ മരിച്ചു. ആകെ മരണം 1711. കർണാടകയിൽ 322 പുതിയ കേസും എട്ട് മരണവും.

ആന്ധ്രയിൽ 462 പേർക്ക്‌ പുതുതായി രോഗബാധ. എട്ടുപേർ മരിച്ചു. യുപിയിൽ 576 കോവിഡ്‌ കേസ്‌. 19 പേർകൂടി മരിച്ചു. ബംഗാളിൽ 370 കേസും 11 മരണവും. തെലങ്കാന 879, ജമ്മു -കശ്‌മീർ 148, ഒഡിഷ 167, ഹരിയാന 169, നാഗാലാൻഡ് 50, ഉത്തരാഖണ്ഡ് 103, ലഡാക്ക്‌ 85 മണിപ്പുർ 23, ഗോവ 45, ഹിമാചൽ 35, ഛത്തിസ്‌ഗഢ്‌ 54, പഞ്ചാബ്‌ 162 എന്നിങ്ങനെയാണ്‌ പുതിയ കേസുകൾ.-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News