
2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 15 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമന ശിപാര്‍ശ നല്‍കിയത് 7225 ഉദ്യോഗാര്‍ത്ഥികള്‍ക്ക്. ഇക്കാലയളവില്‍ 43 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു.
ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പടെ ആരോഗ്യമേഖലയില്‍ വിവിധ തസ്തികകളിലായി 1459 പേരെ നിയമനത്തിന് ശിപാര്‍ശ ചെയ്തു.
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ റാങ്ക് ലിസ്റ്റില്‍ നിന്നും ഇലക്ട്രിസിറ്റി ബോര്‍ഡ്, കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ 1186 പേര്‍ക്കും നിയമനശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ 454 പേരെയാണ് നിയമനശിപാര്‍ശ ചെയ്തത്. ഇതോടൊപ്പം പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ 227 പേരെയും നിയമനശിപാര്‍ശ ചെയ്തു.
മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, കോളേജ് വിദ്യാഭ്യാസം, മറ്റ് വിവിധ വകുപ്പുകളിലുമായാണ് നിയമനശിപാര്‍ശ നല്‍കിയിട്ടുള്ളത്.
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ സാമൂഹ്യനിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും നിയമനശിപാര്‍ശ നല്‍കാന്‍ കഴിഞ്ഞത്.
കൊറോണ കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെതന്നെ ഒരു വര്‍ഷം ശരാശരി നിയമനത്തിന് ശിപാര്‍ശ ചെയ്യപ്പെടാവുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നല്ല ശതമാനത്തോളം പേര്‍ക്ക് ഈ കാലയളവില്‍ നിയമനശിപാര്‍ശ നല്‍കിക്കഴിഞ്ഞതായും പിഎസ് സി അറിയിച്ചു
.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here