
വിദേശത്തുനിന്നെത്തി കോറന്റൈനില്‍ കഴിയുന്ന കൊല്ലം മാമ്പുഴ സ്വദേശിയായ യുവാവിനെ മാറ്റിതാമസിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. യുവാവ് കോറന്റൈനില്‍ കഴിയുന്നത് മാതൃസഹോദരിയുടെ വീട്ടില്‍. സ്വന്തം വീട്ടിലേക്ക് മാറ്റണമെന്നാവശ്യവുമായാണ് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിക്കുന്നത്.പ്രവാസിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
മാമ്പുഴ പുത്തന്‍ കുളങ്ങര സ്വദേശിയായ യുവാവ് സൗത്താഫ്രിക്കയില്‍ നിന്നും 8 ദിവസങ്ങള്‍ക്കു മുമ്പാണ് ഡല്‍ഹിയില്‍ എത്തിയത്. അവിടെ 7 ദിവസത്തെ കോറന്റൈന്‍ കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രിയിലാണ് മാമ്പുഴ കാടന്‍പുറം വിളയിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. മാതൃസഹോദരിയുടെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ യുവാവിന്റെ വീട്ടിലേക്ക് താമസം മാറ്റിയാണ് കോറന്റൈന്‍ സൗകര്യം ഒരുക്കിയത്. യുവാവ് ഇവിടെ എത്തിയതോടെ നാട്ടുകാര്‍ തടിച്ച് കൂടിയിരുന്നു. യുവാവിനെ സ്വന്തം വീട്ടിലേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. രാത്രി 11 മണിയോടെ പോലീസ് ഇടപെട്ട് പ്രദേശത്തെ സ്ഥിതി ശാന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി യുവാവിനെ മാറ്റണമെന്നാവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് സങ്കര്‍ഷഭരിതമായ അവസ്ഥയായി. കുണ്ടറ സി ഐ ജയകൃഷ്ണന്റെ യും എസ് ഐ വിദ്യാഥിരാജയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. യുവാവിനെ അവിടെത്തന്നെ കോറന്റൈന്‍ ചെയ്യുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സി ഐ ജയകൃഷ്ണന്‍ പ്രദേശവാസികളുമായി സംസാരിച്ചെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് പ്രദേശത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. യുവാവ് ഈ വീട്ടില്‍ കോറന്റൈനില്‍ കഴിയുന്നത് കൊണ്ട് യാതൊരു പ്രശനവും പ്രദേശവാസികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ യുവാവിനെ മാറ്റണമെന്നാവിശ്യവുമായി നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here