ഞങ്ങള്‍ കൊറോണക്ക് അതീതരോ? മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കുറച്ചിലോ? ഡോ. കവിത രവി എഴുതുന്നു

ഒരു സമൂഹം എന്ന നിലയില്‍ മലയാളികള്‍ക്ക് സാമൂഹിക പ്രതിബദ്ധത, കരുതല്‍, അനുസരണ എന്നിവയൊക്കെ ഉണ്ടെന്നു കരുതി നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അവ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സങ്കടകരമാണ്.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ ജനങ്ങളില്‍ ചിലര്‍ എത്രമാത്രം ലാഘവത്തോടെയാണ് കാണുന്നത്. ഗൗരവതരമായ ഈ സാഹചര്യമാണ് എറണാകുളം ഗവ: മെഡിക്കല്‍ കോളജിലെ പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.കവിത രവി സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഡോ. കവിത രവിയുടെ കുറിപ്പ് ചുവടെ….

മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നത് കുറച്ചിലാണെന്നാണോ നമ്മുടെ സാക്ഷരകേരളത്തിലെ നല്ലൊരു വിഭാഗം ആള്‍ക്കാരുടെയൂം മനോഭാവം എന്നു തോന്നിപോകുകയാണ്, പുറത്തിറങ്ങിയാല്‍ ഉള്ള കാഴ്ചകള്‍ കാണുമ്പോള്‍.

ആദരണീയനായ മുഖ്യമന്ത്രി ഇന്നലത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞതു പോലെ ബ്രേക്ക് ദ ചെയിന്‍ എന്നത് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുക എന്നായി മാറിയോ എന്നാണ് ആശങ്ക.

ഒരു സമൂഹം എന്ന നിലയില്‍ മലയാളികള്‍ക്ക് സാമൂഹിക പ്രതിബദ്ധത, കരുതല്‍, അനുസരണ എന്നിവയൊക്കെ ഉണ്ടെന്നു കരുതി നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അവ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സങ്കടകരമാണ്.

എന്താണ് സ്‌കൂളുകള്‍ തുറക്കാത്തത്??

സ്‌കൂളുകളില്‍ അടുത്ത് ഇടപഴകുന്ന കുട്ടികളിലൂടെ രോഗ പകര്‍ച്ചയ്ക്ക് സാധ്യത കൂടുതല്‍ ആയതുകൊണ്ട്.

കുട്ടികള്‍ രോഗബാധിതരായാല്‍ മാതാപിതാക്കള്‍ക്കും വീട്ടിലുള്ള പ്രായമേറിയവര്‍ക്കും നിശ്ചയമായും രോഗം പിടിപെടും എന്നുള്ളതുകൊണ്ട്.
അപ്പോള്‍ പിന്നെ സ്‌കൂളില്‍ പോകാതെ അവര്‍ കൂട്ടംകൂടി, യാതൊരു മുന്‍കരുതലും നിയന്ത്രണവുമില്ലാതെ കളികളില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ?
കുട്ടികള്‍ കൂട്ടം കൂടി കളിക്കുന്നത് ഫ്‌ലാറ്റുകളിലും മറ്റും ഇപ്പോള്‍ പതിവായി കാണാവുന്ന കാഴ്ചകളാണ്.

വിവാഹങ്ങള്‍ക്കും മരണത്തിനും പോലും ആള്‍ക്കൂട്ടം ഒഴിവാക്കണം എന്നു പറയുന്ന ഈ കാലത്ത് പിറന്നാള്‍ ആഘോഷവും മറ്റും നീട്ടി വെക്കേണ്ടതല്ലേ

അത്യാവശ്യമല്ലാത്ത ഷോപ്പിങ്ങും സൗഹൃദ സന്ദര്‍ശനങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൂടെ?
ഒഴിവാക്കിയേ മതിയാകൂ, രോഗ വ്യാപനം നിയന്ത്രിക്കണമെങ്കില്‍.

കോവിഡിനെ കുറിച്ച്, ഇതിനുമപ്പുറം അവബോധം ഇനിയെങ്ങനെ?
എന്ത്? ആരോട്.?????

ഈ ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങളെക്കാള്‍ ഏറെ അതീതമായേക്കാം.

അങ്ങനെ വന്നാല്‍ രോഗികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വ്യക്തിഗത ശ്രദ്ധയും പരിചരണവും അസാധ്യമായിരിക്കും.

കഴിഞ്ഞ മൂന്നു മാസങ്ങളായി പി പി ഇ ക്കുള്ളില്‍ ശ്വാസംമുട്ടി വിയര്‍ത്തു തളര്‍ന്നു ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അല്പം കരുണ കാണിക്കണം.
ആ കാരുണ്യം അവര്‍ക്ക് വേണ്ടിയല്ല. നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ് യാചിക്കുന്നത്.

ഇന്നത്തെ കാര്യം നിസ്സാരം നാളത്തെ പ്രശ്‌നം ഗുരുതരം ആണെന്ന് ഏവരും ഓര്‍ക്കണം.
അല്പംകൂടി സംയമനം പാലിക്കൂ.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും ഒരുപാട് ദൂരം നമുക്ക് പോകുവാന്‍ ഉണ്ട്.

എസ് എം എസ് അഥവാ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍ എന്നിവ ജീവിതചര്യയുടെ ഭാഗമാക്കിയേ തീരൂ.

മാസ്‌ക് ധരിച്ചാല്‍ മാത്രം പോരാ സാമൂഹിക അകലം പാലിക്കണം.
നാം ഓരോരുത്തരുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിനുവേണ്ടി.

ഇനിയും അലംഭാവം കാണിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകും.

അതീവ ജാഗ്രത അത്യന്താപേക്ഷിതമായ ഒരു ഘട്ടത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഓരോരുത്തരും പെരുമാറിയേ മതിയാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News