ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം; പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ആളുകളുടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്. നടിയെ ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടയാളും തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് കരുതപ്പെടുന്ന ആളും നടിയോട് സ്വര്‍ണക്കടത്തിന് കൂട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. താരവുമായി വിവാഹാലോചന നടത്തിയ വ്യക്തി സ്വര്‍ണ വ്യാപാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയതും പോലീസിന്റെ സംശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്.

അഷ്‌കര്‍ അലി എന്ന് സ്വയം പരിചയപ്പെടുത്തി ഷംനയുമായി ആദ്യം സംസാരിച്ച വ്യക്തി നടിയോട് ആവശ്യപ്പെട്ടത് സ്വര്‍ണക്കടത്തിന് കൂട്ട് നില്‍ക്കാനാണ്. എന്നാല്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തിയായതിനാല്‍ ചെയ്യാനാകില്ലെന്ന് ഷംനാ കാസിം അഷ്‌കര്‍ അലിക്ക് മറുപടി നല്‍കുകയായിരുന്നു.

അതിനു ശേഷമാണ് ബ്ലാക്ക് മെയില്‍ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന അന്‍വര്‍ അലി നടിയെ ഫോണില്‍ ബന്ധപ്പെടുന്നത്. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ സ്വര്‍ണ്ണക്കടയുള്ള വ്യവസായി ആയിട്ടാണ് ഇയാള്‍ നടിയോട് സ്വയം പരിചയപ്പെടുത്തിയത്. സമൂഹമാധ്യമത്തിലുള്ള കാസര്‍കോട് സ്വദേശിയുടെ ഫോട്ടോയും ഇയാള്‍ നടിക്ക് അയച്ചു നല്‍കി.

ആദ്യം ബന്ധപ്പെട്ട അഷ്‌കര്‍ അലി തന്റെ ഡ്രൈവര്‍ ആണെന്ന് പറഞ്ഞ അന്‍വര്‍ അലി അയാളില്‍ നിന്ന് ഉണ്ടായ ബുദ്ധിമുട്ടിന് താരത്തോട് ഖേദപ്രകടനം നടത്തി വിശ്വാസം നേടി. സാമ്പത്തിക തട്ടിപ്പിനായി സംഘം സ്വര്‍ണക്കടത്തെന്ന കാരണമുപയോഗിച്ച് നടിയെ ബന്ധപ്പെട്ടതിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തിന് നടി കൂട്ട് നില്‍ക്കാതെ വന്നതോടെ ബ്ലാക്ക് മെയിലിംഗ് വഴി നടിയെ കുടുക്കാനും അത് വഴി സ്വര്ണക്കടത്തിലേക്ക് എത്തിക്കാനും ആയിരുന്നോ സംഘത്തിന്റെ ഉദ്ദേശമെന്നും പോലീസ് സംശയിക്കുന്നുണ്ട്. പണമാവശ്യപ്പെട്ട് അന്‍വര്‍ അലി നടത്തിയ വീഡിയോ കോള്‍ വഴി ആണ് വിവാഹാലോചനയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് നടിക്ക് ബോധ്യമായത്.

വീഡിയോ കോളിന് ഇടയില്‍ എടുത്ത സ്‌ക്രീന്‍ഷോട്ടിലെ വ്യക്തിയും നേരത്തെ അയച്ച ഫോട്ടോയില്‍ ഉള്ള ആളും രണ്ടു പേരാണെന്ന് നടിക്ക് ഇതോടെ വ്യക്തമായി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന സ്വര്‍ണക്കടത്തുമായി തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News