ഇന്ധനവില ഇന്നും കൂട്ടി; ഒരുലിറ്റര്‍ ഡീസലിന് 79.76 രൂപ; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍

തുടർച്ചയായി വില ഉയരുന്നതിനിടയിൽ ഡൽഹിയിൽ പെട്രോളിനെ മറികടന്ന്‌ ഡീസൽ. ഒരു ലിറ്റർ ഡീസലിന്‌ 79.88 രൂപയായിരുന്നു ബുധനാഴ്‌ച ഡൽഹിയിൽ വില, പെട്രോളിന്‌ 79.76 രൂപയും. തുടർച്ചയായ 16ാം ദിവസം ഡീസലിന്‌ മാത്രമായി ലിറ്ററിന്‌ 45 പൈസ വർധിപ്പിച്ചതോടെയാണിത്‌. 16ദിവസം കൊണ്ട്‌ ഡീസിലിന്‌ 9.92 രൂപയാണ്‌ വർധിച്ചത്‌.

മുംബൈയിൽ ഡീസലിന്‌‌ 78.22 രൂപയും പെട്രോളിന്‌ 86.54 രൂപയുമാണ്‌. കൊൽക്കത്തയിൽ 75.06, 81.45 രൂപ വീതവും ചെന്നൈയിൽ 77.17, 83.04 വീതവുമാണ്‌ വില. കൊച്ചിയിൽ പെട്രോളിന്‌ 80.08 രൂപയും ഡീസലിന്‌ 75.63 രൂപയുമായി.

രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 42.98 ഡോളർ (3,251 രൂപ) ആണ്‌. രാജ്യത്ത്‌ ഇത്‌ രണ്ടാം തവണയാണ്‌ ഡീസൽവില പെട്രോളിനെ മറികടക്കുന്നത്‌.

2018ൽ ഭുവനേശ്വറിൽ ഇങ്ങനെ ഉണ്ടായി. മോഡിസർക്കാർ വന്നശേഷം 2014 ഒക്ടോബറിലാണ്‌ ‌ ഡീസൽവില നിയന്ത്രണാവകാശം എണ്ണക്കമ്പനികൾക്ക്‌ വിട്ടുകൊടുത്തത്‌. പെട്രോൾവില നിയന്ത്രണവിമുക്തമാക്കിയത് 2010ൽ ‌ രണ്ടാം യുപിഎ സർക്കാരാണ്‌.

2010 ജനുവരിയിൽ രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക്‌ 85 ഡോളറായിരുന്നു. ഡൽഹിയിൽ അന്ന് പെട്രോൾ ലിറ്ററിന്‌ 55.87 രൂപയും ഡീസലിന്‌ 37.75 രൂപയും. 2014 മെയിൽ രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 105 ഡോളറായി.

ഡൽഹിയിൽ‌ പെട്രോളിന്‌ 71.41 ഉം ഡീസലിന്‌ 55.48 ഉം രൂപ. 2012 മേയിൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ പെട്രോൾ, ഡീസൽവില ഉയർത്തിയപ്പോൾ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോഡി രൂക്ഷമായി വിമർശിച്ചിരുന്നു.‌

‘‘കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കനത്ത പരാജയമാണ്‌ പെട്രോൾ, ഡീസൽ വിലവർധന. ഗുജറാത്തിലെ ജനങ്ങൾക്കുമേൽ ഇതു നൂറുകണക്കിന്‌ കോടി രൂപയുടെ അധികഭാരം ഉണ്ടാക്കും’’ എന്നായിരുന്നു പറഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here