അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് 45 വയസ്; രാജ്യം അമിതാധികാര പ്രയോഗത്തിന്‍റെ പിടിയില്‍

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 45–-ാം വാർഷികദിനം വ്യാഴാഴ്‌ച ആചരിക്കവെ, രാജ്യത്ത് നിലനിൽക്കുന്നത്‌‌ അന്നത്തേതിനു സമാനമായ അമിതാധികാരപ്രയോഗ സാഹചര്യം. ജനാധിപത്യ അവകാശങ്ങൾക്ക്‌ കൂച്ചുവിലങ്ങിട്ട്‌‌ 1975 ജൂൺ 25ന്‌ അർധരാത്രി ഇന്ദിര ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രണ്ടുവർഷം‌ നീണ്ടു‌.

കോൺഗ്രസ്‌ സർക്കാരിന്റെ അമിതാധികാര മനോഭാവം ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തിനു കഴിഞ്ഞെന്ന്‌‌‌ കഴിഞ്ഞ വാർഷികദിനത്തിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌‌.

സംഘപരിവാർ അജൻഡയുടെ ഭാഗമായി ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അവിടെ ജനാധിപത്യ അവകാശങ്ങളും രാഷ്ട്രീയപ്രവർത്തനവും വിലക്കി.

മൂന്ന്‌ മുൻ മുഖ്യമന്ത്രിമാർ അടക്കം ജനപ്രതിനിധികളെ തടവിലാക്കി. വാർത്താവിനിമയ സംവിധാനങ്ങൾ തടഞ്ഞു. പ്രതിപക്ഷനേതാക്കൾ കശ്‌മീരിൽ കടക്കുന്നത്‌ തടഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചാണ്‌ കശ്‌മീർ സന്ദർശനത്തിന്‌ അനുമതി നേടിയത്‌.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വനിയമം ഭേദഗതി ചെയ്‌തു. പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. പ്രക്ഷോഭം നേരിടാൻ ഡൽഹിയിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു‌. വിമർശിക്കുന്നവരെയും ജനാധിപത്യ– -മനുഷ്യാവകാശ പ്രവർത്തകരെയും കൽത്തുറുങ്കിലടയ്‌ക്കുകയാണ്‌.

പ്രതിഷേധിച്ച വിദ്യാർഥികളെ കേസുകളിൽ കുടുക്കി ജയിലിലടച്ചു. എഴുത്തുകാരനും ചിന്തകനും മാനേജ്‌മെന്റ്‌ വിദഗ്‌ധനുമായ ഡോ. ആനന്ദ്‌ തെൽതുംബ്‌ഡെയെ കോവിഡ്‌ കാലത്താണ്‌ ജയിലിലടച്ചത്‌.

തൊഴിൽനിയമങ്ങൾ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി‌. പല സംസ്ഥാനങ്ങളിലും ജോലിസമയം 12 മണിക്കൂറായി ഉയർത്തി. കോവിഡ്‌ അടച്ചുപൂട്ടലിന്റെ മറവിൽ തൊഴിൽനിയമങ്ങൾ മരവിപ്പിച്ചു.

ഇതിനെതിരെ രാജ്യത്ത്‌ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയർന്നുവരികയാണ്‌. അടച്ചുപൂട്ടലിന്റെ മറവിൽ അടിച്ചമർത്തലിനു പുറപ്പെട്ടവർക്ക്‌ രാജ്യം മറുപടി നൽകുമെന്നതിന്‌ ചരിത്രം അനുഭവസാക്ഷിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News