പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസി മലയാളികള്‍ ഇന്നുമുതല്‍ എത്തും; കരുതലും ജാഗ്രതയുമായി കേരളം; യാത്രക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വിമാനങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന വൈറസ് ബാധയെ ചെറുക്കുന്നതിനായി കൊവിഡ് പരിശോധന നടത്തി വേണം യാത്രയാരംഭിക്കാന്‍ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനായുള്ള ക്രമീകരണത്തിനായി വിവിധ രാജ്യങ്ങളിലെ എംബസികള്‍ വഴി സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. കേരളം അംഗീകരിച്ച കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റും ഫെയ്‌സ് ഷീല്‍ഡും മാസ്‌കും ഉള്‍പ്പെടെ നിരവധി യാത്രാപ്രോട്ടോക്കോളുകളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇവ കാര്യക്ഷമമായി നടത്താനുള്ള സൗകര്യം ഒരുക്കി യാത്ര തടയാതെയും നീട്ടി വയ്ക്കാതെയും പ്രവാസികളെ നാട്ടിലെത്തിക്കും. വിദേശത്തെ പരിശോധനാഫലം എന്തായാലും നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകണം. യാത്രക്കാര്‍ കോവിഡ് -19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും പരിശോധനയ്ക്ക് ശ്രമിക്കണം; സര്‍ട്ടിഫിക്കറ്റ് കരുതണം. യാത്രയ്ക്ക് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്. കഴിഞ്ഞ 20 മുതല്‍ യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്.

പിന്നീടിത് 25 ആക്കി. ഇതിനിടയില്‍ വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് സൂചിപ്പിച്ചിരുന്നു. വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടശേഷം അറിയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഗള്‍ഫില്‍നിന്ന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള കര്‍ശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് പരിശോധന നടത്താത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ ക്കൂടി ഇവിടെയെത്തുമ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടി പിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം.എയര്‍പോര്‍ട്ടുകളില്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.

നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്‌ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കും. പ്രവാസികള്‍ കൂടുതല്‍ വരുന്നതിനാല്‍ നാല് വിമാനത്താവളത്തിന്റെയും ഏകോപനച്ചുമതല മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ പാലിക്കേണ്ട യാത്രാമാനദണ്ഡങ്ങള്‍

യുഎഇ

യാത്രക്കാര്‍ക്ക് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. എല്ലാ വിമാനയാത്രക്കാരെയും ആന്റീബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഖത്തര്‍

ഖത്തറിന്റെ കൊവിഡ് മോണിറ്ററിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എഹ്ത്തറാസ് പച്ച സ്റ്റാറ്റസ് കാണിക്കുന്നവരായിരിക്കണം യാത്രക്കാര്‍

ഒമാന്‍, ബഹ്‌റൈന്‍

യാത്രക്കാര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം

സൗദി

യാത്രക്കാര്‍ക്ക് എന്‍95 മാസ്‌കും ഫെയ്‌സ് ഷീല്‍ഡും കയ്യുറയും വേണം. പിപിഇ കിറ്റ് (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്) നിര്‍ബന്ധം.

കുവൈത്ത്

യാത്രക്കാര്‍ക്ക് രണ്ട് ടെര്‍മിനലില്‍ മാത്രം പരിശോധന. ടെസ്റ്റ് ചെയ്യതെ വരുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News