ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; ഇവര്‍ മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം സമാനമായ രീതിയില്‍ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്മെയില്‍ ചെയ്തതായി പരാതി.

ആലപ്പു‍ഴ സ്വദേശിയായ മോഡലില്‍ നിന്നും ഒരു ലക്ഷം രൂപയും കടവന്ത്രയില്‍ നിന്നുളള നടിയില്‍ നിന്നും രണ്ടര പവനും തട്ടിയെടുത്തു. പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാല് പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ എത്തിയത്.

സമാനമായ രീതിയില്‍ പണവും സ്വര്‍ണവും തട്ടിയെടുത്തുവെന്ന പരാതിയുമായി ആലപ്പു‍ഴ സ്വദേശിനിയായ മോഡലും കടവന്ത്രയില്‍ നിന്നുളള നടിയും രംഗത്തെത്തി.

മോഡലില്‍ നിന്നും ഒരു ലക്ഷം രൂപയും നടിയില്‍ നിന്നും രണ്ടര പവനും തട്ടിയെടുത്തുവെന്നാണ് പരാതി. ഇതോടെ കേസില്‍ വിപുലമായ അന്വേഷണം നടത്തുകയാണ് പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ആറ് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇനി രണ്ട് പ്രതികളെ കൂടി ലഭിക്കാനുണ്ട്. എന്നാല്‍ കേസില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണെന്ന് ഷംന കാസിം പറഞ്ഞു. വരനായി എത്തിയ ആള്‍ മാത്രമല്ല, അച്ഛന്‍, അമ്മ, സഹോദരി എന്നിങ്ങനെ നിരവധി പേര്‍ വിശ്വാസ്യതയുണ്ടാക്കാന്‍ തന്നെ ഫോണില്‍ വിളിച്ചു.

കോ‍ഴിക്കോട് രാമനാട്ടുകര സ്വദേശിയാണെന്നാണ് വരന്‍ പറഞ്ഞത്. എന്നാല്‍ സഹോദരിയുടെത് തൃശൂര്‍ ഭാഷയായപ്പോള്‍ സംശയം തോന്നിയിരുന്നു. വിഡിയോ കോള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിസമ്മതിച്ചു.

പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം ബലപ്പെട്ടുവെന്നും ഭീഷണി വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും ഷംന പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിനായി ക്യാരിയറാകാന്‍ താത്പര്യമുണ്ടോയെന്നും പ്രതികള്‍ ചോദിച്ചിരുന്നതായി ഷംന വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ അന്വേഷണം വിപുലമാക്കുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News