മുംബൈ വസായിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു; ആംബുലൻസിനായി കാത്തിരുന്നത് 5 മണിക്കൂർ !!

വസായ് ഈസ്റ്റിൽ താമസിക്കുന്ന കേശവൻ മാന്നാനാണ് രോഗം സ്ഥിരീകരിച്ചു ചികിത്സ തേടുന്നതിന് മുൻപ് തന്നെ മരണപ്പെട്ടത്. 58 വയസ്സായിരുന്നു. ഭാര്യ അനിത. മക്കൾ അഞ്ജലി, അജയ്. പത്തനംതിട്ട സ്വദേശിയാണ്.

ഇന്നലെ വൈകീട്ട് 4 മണിക്കായിരുന്നു കൊവിഡ് പരിശോധന ഫലം കിട്ടുന്നത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞ ഉടനെ സ്ഥലത്തെ സമാജം പ്രവർത്തകരും സാമൂഹിക പ്രവർത്തകയായ അഡ്വക്കേറ്റ് പത്മ ദിവാകരനും കേശവനുമായി സംസാരിക്കുകയും സെവൻ ഹിൽസ് ഹോസ്പിറ്റലിൽ പോകുവാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആംബുലൻസ് ലഭിക്കാതെ രണ്ടു മണിക്കൂറോളം കാത്തിരിക്കുകയായിരുന്നു.

ഏകദേശം 6 മണിയോടെ ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി രോഗി പരാതിപ്പെട്ടു. അങ്ങിനെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ തീരുമാനിക്കുന്നത്. എന്നാൽ ആംബുലൻസിന്റെ അഭാവം വലിയ വിഷയമായി. അവസാനം 8 മണിയോടെയാണ് സാമൂഹിക പ്രവർത്തകനായ ആർ ഡി ഹരികുമാറിന്റ ശ്രമഫലമായി ആംബുലൻസ് എത്തുന്നത്. അപ്പോഴേക്കും രാത്രി 9 മണിയായി.

സംസാരിക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോയത്. അടുത്തുള്ള വിനായക ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തക്ക സമയത്ത് ചികിത്സ ലഭിക്കാതിരുന്നത് തന്നെയാണ് മരണകാരണമായി പറയുന്നത്. 4 മണിക്ക് രോഗം സ്ഥിരീകരിച്ചയാളെ 9 മണിയോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ് ഇതിനകം നഷ്ടമായത്.

5 മണിക്കൂറിനിടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ പോലും രോഗി മരണപ്പെടുകയില്ലായിരുന്നുവെന്നാണ് അഡ്വ പത്മ ദിവാകരൻ പറയുന്നത്. ആംബുലൻസ് സംവിധാനം ഏർപ്പെടുത്താനുണ്ടായ കാലതാമസത്തിനിടയിലും പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് വസായിയിൽ ഒരു മലയാളി കൊവിഡ് ബാധിച്ചു മരണപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News