ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഷംനയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ ഷംന കാസിമിനെ നേരിട്ട് ഫോണ്‍ ചെയ്ത് പിന്തുണ അറിയിച്ചു.

ബ്ലാക്ക്‌മെയിലിംഗിനു പുറകിലെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് ഷംനാകാസിമിന്റെ വെളിപ്പെടുത്തല്‍ സഹായിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നവരും ഇവിടേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുമായ പെണ്‍കുട്ടികളെ സ്വര്‍ണക്കടത്തിനും കളളക്കടത്തിനും നിര്‍ബ്ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത ഒരുപാട് സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്ക് മെയിലിംഗിന് വിധേയരായ പെണ്‍കുട്ടികള്‍ക്ക് നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷന്‍ വിലയിരുത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഇത്തരം അനുഭവങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ അത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സധൈര്യം മൂന്നോട്ട് വരണമെന്നും ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here