അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

പാലക്കാട് മീങ്കര അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും. തമിഴ്നാട് ആളിയാർ സ്വദേശി ശരവണകുമാറിനെ പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2018 ഡിസംബർ 6 നാണ് മീങ്കര ഡാമിനടുത്ത് വെച്ച് 17 വയസ്സുകാരി പീഡനത്തിനിരയായത്. അണക്കെട്ട് കാണാൻ സുഹൃത്തായ ആൺകുട്ടിക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അണക്കെട്ടിലെ മത്സ്യം മോഷ്ടിക്കുകയും, സഞ്ചാരികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്ന ശരവണ കുമാർ ഡാമിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പറഞ്ഞ് സുഹൃത്തിനെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.

പിന്നീട് വലിയ ചള്ളത്ത് വെച്ച് പെൺകുട്ടി യാത്ര ചെയ്തിരുന്ന ബസ്സിൽ നിന്ന് നിർബന്ധിച്ച് ഇറക്കിയ ശേഷം തൊട്ടടുത്ത കാട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു… പീഡനത്തിനു ശേഷം പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല കവർന്നു.

തുടർന്ന് പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കൊല്ലങ്കോട് പോലീസ് തമിഴ്നാട് ആളിയാർ സ്വദേശിയായ ശരവണ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലായി 33 വർഷത്തെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് പോക്സോ കേസ് ജഡ്ജി മുരളീകൃഷ്ണൻ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here