ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ സേനാ വിന്യാസവും അടിസ്ഥാന സൗകര്യ വികസനവും സജീവമാക്കി ഇന്ത്യ

ഇന്ത്യ ചൈന അതിർത്തി മേഖലയിൽ സേനാ വിന്യാസവും റോഡ് നിർമാണവും സജീവം. അതിർത്തിയിൽ കര വ്യോമ സേന സംയുക്ത സേനാഭ്യാസം നടത്തി. 42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022ന് മുൻപ് പൂർത്തിയാക്കാൻ ഇന്ത്യയുടെ തീരുമാനം.

ഡെപ്‌സാങ് സമതലം കേന്ദ്രീകരിച്ചാണ് ചൈനീസ് തയ്യാറെടുപ്പുകൾ. സേനാ പിന്മാറ്റത്തിന് ധാരണയായെങ്കിലും ഇത് ഉടൻ പ്രായോഗികമാക്കില്ലെന്ന് വ്യക്തം. പട്രോളിംഗ് ചട്ടങ്ങൾ ചൈന പാലിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

അതിർത്തിയിലെ സേനാ പിന്മാറ്റം എന്ന് പൂർത്തിയാകും എന്ന ചോദ്യത്തിന് ഇത് ട്വന്റി ട്വന്റി മത്സരം പോലെ വേഗം കഴിയുന്ന ഒന്നല്ല. പകരം ടെസ്റ്റ് മാച്ച് പോലെ നീളുമെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

ഇരു കൂട്ടരും അതിർത്തിയിൽ നടത്തുന്ന തയ്യറെടുപ്പുകൾ ഇത് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നു. ജൂണ് 5ലെ ധാരണ ലംഘിച്ച് ചൈന നടത്തിയ ചതി ഇന്ത്യയ്ക്ക് മുന്നിലുണ്ട്. അതിനാൽ സേനാ വിന്യാസം, നിരീക്ഷണം എല്ലാം സൈന്യം സജീവമായി തുടരുന്നു.

ഡെപ്‌സാങ് സമതലത്തിൽ ചൈന കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഇവിടെ കൂടുതൽ സൈനികരെ ചൈന എത്തിച്ചു. വലിയ വാഹനങ്ങളും പ്രത്യേക സൈനിക ആയുധങ്ങളും ഉണ്ടെന്നാണ് കണക്ക് കൂട്ടൽ. ഗൽവാൻ, പാംഗോഗ്, ഹോട്‌സ്പ്രിങ്‌സ് എന്നിവ കൂടാതെയാണ് ഈ മേഖലയിലെ സൈനിക തയ്യാറെടുപ്പ്.

ഇത് വഴി ചൈനയ്ക്ക് നാല് സ്ഥലങ്ങളിൽ ഒരേസമയം പോർമുഖം തുറക്കാനാകും. ഇതെല്ലാം പരിഗണിച്ചാണ് സേനാ വിന്യാസം തുടരാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തിയിലെ 65 കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ സൈന്യത്തിന് കരസേനാ മേധാവി നിർദേശം നൽകി.

അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാനും ഇന്ത്യ തീരുമാനിച്ചു. 42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022നകം പൂർത്തിയാക്കാനാണ് തീരുമാനം. 3488 കിലോമീറ്റർ ഇന്ത്യ ചൈന അതിർത്തിയിൽ 72 റോഡുകൾ ആണ് തന്ത്രപ്രധാനമായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 28 എണ്ണം ഉപയോഗ ക്ഷമമായി.

33 എണ്ണത്തിന്റെ നിർമാണം പാതിവഴിയിലും ബാക്കിയുള്ളവ പ്രാരംഭ ദശയിലുമാണ്. റോഡ് നിർമാണം വേഗം പൂർത്തിയാകും വഴി സേനാ വിന്യാസം എളുപ്പത്തിൽ നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും. അതേസമയം അതിർത്തിയിലെ പട്രോളിംഗ് ചട്ടങ്ങൾ ചൈന പാലിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

പട്രോളിംഗ് ബാഗുകളിൽ ഇരുമ്പ് ദണ്ഡ് കൈവശം വയ്ക്കുന്നതായാണ് വിവരം. അരുണാചൽ പ്രദേശിലെ കാമേംഗ് സെക്ടറിലെ പെട്രോളിംഗിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്രോളിംഗ് സമയത്ത് ആയുധങ്ങൾ കൈവശം വയ്ക്കരുത് എന്ന് ധാരണയുണ്ട്. ഈ ധാരണയ്ക്ക് വിരുദ്ധമാണ് ചൈനയുടെ നടപടി.

ജൂണ് 15ലെ ഇന്ത്യാ ചൈന ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യം വ്യാപകമായി ഇരുമ്പ് ദണ്ഡ്കൾ ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News