വക്രബുദ്ധി ഇത്രയും വേണോ? ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ചൈനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്ത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം ദുരുദ്ദേശപരവും വക്രബുദ്ധിയോടെയുള്ളതുമാണെന്ന് മന്ത്രി എ കെ ബാലന്‍.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതു സംബന്ധിച്ചും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാടിനെ പിന്തുണച്ചും സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിലപാട് ജൂണ്‍ 19നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദമാക്കിയിട്ടുള്ളതാണ്. സിപിഐ എമ്മിന്റെ നിലപാട് പ്രതിപക്ഷനേതാവിന് വായിച്ചു മനസ്സിലാക്കാവുന്നതാണ്. സിപിഐ എം നിലപാട് ചുവടെ ചേര്‍ക്കുന്നു.

1. ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിയിലുള്ള ഗാല്‍വന്‍ താഴ്വരയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സേനാ ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും സിപിഐ എമ്മിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

2. നമ്മുടെ വിദേശകാര്യ മന്ത്രിയും ചൈനയുടെ വിദേശകാര്യമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു, ‘മൊത്തം സ്ഥിതിഗതികള്‍ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജൂണ്‍ ആറിന്റെ ധാരണ പ്രകാരം ഇരു ഭാഗവും സൈനിക പിന്മാറ്റം ആത്മാര്‍ത്ഥമായി നടപ്പാക്കണം. സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തില്‍ ഒരു നടപടിയും ഇരു രാജ്യങ്ങളും സ്വീകരിക്കാന്‍ പാടില്ല. ഉഭയകക്ഷി കരാറുകളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ സമാധാനവും ശാന്തതയും ഉറപ്പുവരുത്തേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത്.

3. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടിന് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുന്നു.

4. തുടര്‍ നടപടിയായി ഉന്നതതല ചര്‍ച്ച തുടരാന്‍ ഇന്ത്യ നിലപാടെടുക്കണം. യഥാര്‍ത്ഥ നിയന്ത്രണ രേഖ അടയാളപ്പെടുത്തുന്നത് സംബന്ധിച്ചും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ ജൂണ്‍ 19 ന്റെ സര്‍വകക്ഷി യോഗത്തില്‍ വെളിപ്പെടുത്തിയതാണ്. ഇതിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ ഓരോ നേതാവും ഇത് ഇടയ്ക്കിടെ എടുത്തുപറയേണ്ടതില്ല. മുഖ്യമന്ത്രിക്ക് മാത്രമായി ഒരു നിലപാട് ഉണ്ടാകില്ലല്ലോ.

കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ രീതിയാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്- ശിവസേന സഖ്യത്തിനെതിരെ കെപിസിസി പ്രസിഡണ്ട് പരസ്യ വിമര്‍ശനം നടത്തി. അതിനെതിരെ അഖിലേന്ത്യാ നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ല.

പ്രതിപക്ഷനേതാവിന്റെ മനസിലിരുപ്പ് ബോധ്യപ്പെടാന്‍ അധികം ആലോചിക്കേണ്ട കാര്യമില്ല. പണ്ട് അവസരം കിട്ടിയപ്പോഴൊക്കെ കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് ജയിലിലടച്ച് പീഡിപ്പിച്ചതിന്റെ ഓര്‍മ്മ നന്നായുണ്ട്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതില്‍ അസൂയപൂണ്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുരിശിലേറ്റാന്‍ ഒരവസരം കിട്ടുമോ എന്ന ശ്രമമാണ് പ്രതിപക്ഷനേതാവ് നടത്തുന്നത്.

നമ്മുടെ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി ജന്മി-നാടുവാഴിത്തത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ നിരവധി പോരാട്ടങ്ങള്‍ നടത്തി. ആ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ട കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ പോലീസിനും ദിവാനുമൊപ്പം അണിനിരന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍ഗാമികള്‍.

ഒഞ്ചിയത്തും പുന്നപ്ര-വയലാറിലും ഇത് കണ്ടതാണ്. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പൂര്‍വികര്‍ ഒന്നുകില്‍ രാജഭരണത്തോടൊപ്പമോ പോലീസിനൊപ്പമോ നിന്ന് ബ്രിട്ടീഷുകാരുടെ കമ്മ്യൂണിസ്റ്റ് വേട്ടക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ചെറുപ്പമായിരുന്നപ്പോള്‍ അമേരിക്കയുടെ ചാരപ്പണി നടത്തിയതും അമേരിക്കന്‍ സഹായം സ്വീകരിച്ച് കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്തിയതും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന മൊയ്‌നിഹാന്‍ തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ വിമോചനസമരത്തെ തുടര്‍ന്ന് നെഹ്‌റു തന്നെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ചരിത്രത്തിലെ ഈയൊരു കറുത്ത അധ്യായമായിരുന്നല്ലോ കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ തുടക്കം കുറിച്ചത്.

1920 ല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തോടെയാണ് പൂര്‍ണസ്വരാജ് എന്ന മുദ്രാവാക്യം ആദ്യമായി കേട്ടത്. ഭാഗിക അധികാരം മാത്രമുള്ള ഡൊമിനിയന്‍ പദവി മതിയായിരുന്നു കോണ്‍ഗ്രസിന്. കമ്യൂണിസ്റ്റുകാര്‍ പൂര്‍ണസ്വരാജ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നേതാക്കളെ കുടുക്കാനായി മീററ്റ്, പെഷവാര്‍, കാണ്‍പൂര്‍ ഗൂഢാലോചന കേസുകള്‍ ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ചത്. മീററ്റ് ഗൂഢാലോചന കേസില്‍ പ്രതികളായവരെ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലാണ് തടവിലിട്ടത്. ഇതേ സമയം ജയിലിലുണ്ടായിരുന്ന സംഘപരിവാര്‍ നേതാവ് വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായതും ചരിത്രം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വരാതിരിക്കാന്‍ ബ്രിട്ടീഷുകാരുമായി ഇന്ത്യന്‍ ബൂര്‍ഷ്വാസി ധാരണയുണ്ടാക്കി. ഇതിനു ബ്രിട്ടീഷുകാര്‍ക്കു ഒത്താശ ചെയ്തുകൊടുത്തത് കോണ്‍ഗ്രസുകാരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചുവെന്ന് നടത്തിയ പ്രചാരണം ചരിത്രസത്യത്തെ വളച്ചൊടിക്കലാണ്. ഫാസിസത്തിന്റെ പിടിയില്‍ നിന്ന് ലോകത്തെയാകെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഫാസിസ്റ്റുവിരുദ്ധ ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാടായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കുന്നത് നന്നായിരിക്കും. ഒക്ടോബര്‍ വിപ്ലവവും തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ വിജയവും കോളനിരാജ്യങ്ങളില്‍ വിമോചനപ്രസ്ഥാനങ്ങള്‍ക്കു ശക്തി പകര്‍ന്നു. ഇതേ തുടര്‍ന്ന് നിരവധി കോളനി രാജ്യങ്ങള്‍ സ്വതന്ത്രമാവുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കാന്‍ കൂടിയാണ് 1942 ല്‍ ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിന് ‘ദേശാഭിമാനി’ എന്ന പേര്‍ നല്‍കിയത്.

ഇന്ത്യ-ചൈന യുദ്ധകാലത്തും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്തും കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി ചിത്രീകരിച്ച് ജയിലിലടയ്ക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനു നേതൃത്വം നല്‍കിയ ഗുല്‍സാരിലാല്‍ നന്ദയുടെയും ഹിറ്റ്‌ലറുടെ നുണപ്രചാരകനായിരുന്ന ഗീബല്‍സിന്റെയും പ്രേതങ്ങളാണ് പ്രതിപക്ഷ നേതാവിനെ ആവേശിച്ചിരിക്കുന്നത്.
ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിന് സുവ്യക്തമായ നിലപാടാണുള്ളത്. ഇന്ത്യയുടെ ഒരു തരി മണ്ണും ചൈന ഉള്‍പ്പെടെയുള്ള ഒരു അയല്‍രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഉള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ ഉപയോഗപ്പെടുത്തി സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തുന്ന പ്രസ്താവനകളോട് എന്താണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം? സറണ്ടര്‍ മോഡി എന്ന രാഹുലിന്റെ വിശേഷണത്തോട് പ്രതിപക്ഷനേതാവ് യോജിക്കുന്നുണ്ടോ?
മുഖ്യമന്ത്രിക്കെതിരെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ട പ്രതിപക്ഷനേതാവ് ഒടുവില്‍ ചൈനയെ ഉപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ശ്രമം നടത്തുകയാണ്. ചൈന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സമീപനമെന്തെന്ന ചോദ്യം ആ ലക്ഷ്യത്തോടെയാണ്. എന്തുകൊണ്ട് ബിജെപി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നില്ല എന്നാണ് പ്രതിപക്ഷനേതാവ് ചോദിക്കുന്നത്? എത്ര ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് ആലോചിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News