രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടി

ദില്ലി: സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ജൂലായ് 15 വരെ നീട്ടി. എന്നാല്‍, ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. സിവില്‍ വ്യോമയാന ഡയറക്‌ട‌ര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

അതിനിടെ, വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. യു.എസ്, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വ്യോമയാനമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here