പ്രകോപനം തുടര്‍ന്ന് ചൈന; ഫിംഗര്‍ ഫോറില്‍ ഹെലിപ്പാട് നിര്‍മാണം

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു. പാഗോങ്ങ് നദിക്ക് സമീപമുള്ള ഫിംഗര്‍ ഫോറിലാണ് ഹെലിപ്പാട് നിര്‍മിക്കുന്നത്. ഒന്ന് മുതല്‍ എട്ട് ഫിംഗര്‍ വരെ ഇന്ത്യയുടേത് ആണെന്നിരിക്കെയാണ് ഫിംഗര്‍ ഫോറിലെ ഹെലിപ്പാട് നിര്‍മാണം.

സേനാ പിന്മാറ്റം നടത്തുന്നതിന് പകരം സേനാ വിന്യാസം നടത്തുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് ചൈന. പ്രകോപനപരമായ നിലപാടും പ്രവൃത്തികളും തുടരുന്നു. പാംഗോഗ് സോ നദിക്ക് സമീപമുള്ള ഫിംഗര്‍ ഫോറില്‍ ഹെലിപ്പാട് നിര്‍മാണം നടത്തിയാണ് ചൈനയുടെ പുതിയ പ്രകോപനം.

ഫിംഗേഴ്സ് എന്ന് വിളിപ്പേരുള്ള മലനിരകളില്‍ ഒന്ന് മുതല്‍ എട്ട് ഫിംഗര്‍ വരെയും ഇന്ത്യയുടേത് ആണെന്നിരിക്കെയാണ് ഫിംഗര്‍ ഫോറിലെ ഹെലിപ്പാട് നിര്‍മാണം. ഹെലിപ്പാട് നിര്‍മാണം വഴി പ്രദേശത്തിന്റെ അവകാശ വാദം ഊട്ടിയുറപ്പിക്കുകയാണ് ചൈന.

ഇന്ത്യയുടെ പ്രദേശമെന്ന് ചൈന തന്നെ സമ്മതിക്കുന്ന ഫിംഗര്‍ 3 ന് സമീപം വരെ ചൈന പട്രോളിംഗ് നടത്തുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നു. പാംഗോഗ് നദിയുടെ ദക്ഷിണ തീരങ്ങളില്‍ ചൈന സേനാ വിന്യാസവും കൂട്ടി. ചൈനയും ഇന്ത്യയും തമ്മിലുള്ള ധാരണ പൂര്‍ണമായും പാലിക്കപ്പെടാന്‍ ഒക്ടോബര്‍ ആകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ആക്രമണം നേരിടാന്‍ സന്നാഹങ്ങള്‍ ഒരുക്കിയതിനാല്‍ ഇനി ഒരു ആക്രമണത്തിന് ചൈന മുതിരില്ലെന്ന് ഇന്ത്യ വിലയിരുത്തുന്നു.

ഇതിനിടെ ചൈനയുടെ പട്ടാളക്കാരും മരിച്ചെന്ന് ചൈന സമ്മതിച്ചു. ഇരു ഭാഗത്തും സൈനികര്‍ മരിച്ചെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി സുന്‍ വെയ് ഡോങ് ആണ് വ്യക്തമാക്കിയത്.

കനത്ത ശാരീരിക ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തും ആള്‍നാശമുണ്ടായയെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഏറ്റുമുട്ടലില്‍ മരണങ്ങള്‍ സംഭവിച്ചുവെന്ന് മാത്രമായിരുന്നു മുന്‍പ് ചൈന പറഞ്ഞിരുന്നത്. ചൈനീസ് സൈനികര്‍ മരിച്ചോയെന്ന് വ്യക്തമാക്കിയിരുന്നില്ല.

ചൈനീസ് സര്‍ക്കാരിന്റെ ഭാഗമായുള്ള ഒരാള്‍ ഇക്കാര്യം സമ്മതിക്കുന്നത് ആദ്യമായാണ്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്ത സാധനങ്ങള്‍ ചൈനീസ് പോര്‍ട്ടുകളില്‍ തടഞ്ഞു വയ്ക്കുകയാണെന്ന് പരാതി ഉയര്‍ന്നു.

കസ്റ്റംസ് പരിശോധന പറഞ്ഞാണ് തടയുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് വാണിജ്യകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here