ഷംന ബ്ലാക് മെയിലിങ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സൂത്രധാരകനെന്ന് കരുതയാളാണ് പിടിയിലാത്. കേസില്‍ അഞ്ചാം പ്രതി അബ്ദുള്‍ സലാം ഇന്നലെ കീഴടങ്ങിയിരുന്നു. ബ്ലാക്‌മെയിലിംഗ് കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.

മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വിവാഹാലോചനയുടെ പേരിലാണ് പ്രതികള്‍ ഷംനയുടെ കുടുംബവുമായി ബന്ധപ്പെട്ടത്.

നടി ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സിനിമ, സീരിയല്‍, മോഡലിങ്, ഇവന്റ് മാനേജ്മെന്റ് രംഗത്തെ കൂടുതല്‍ പെണ്‍കുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായി സൂചന. പണം തട്ടാന്‍ ലൈംഗികചൂഷണവും ബ്ലാക്ക്മെയിലിങ്ങും ഭീഷണിയുമൊക്കെ ഇവര്‍ തരംപോലെ പ്രയോഗിച്ചു. പലരും നാണക്കേടും ഭയവുംമൂലം പരാതിപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, യുവ മോഡലടക്കം അഞ്ച് പേര്‍ പരാതിയുമായി എത്തി. ഷംന കാസിമിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നാലു പ്രതികള്‍ പിടിയിലായതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്.

പ്രതികളുടെ ചിത്രം കണ്ടാണ് ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും പരാതി നല്‍കിയത്. ഇവരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തില്‍ താനുള്‍പ്പെടെ എട്ട് യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച അഞ്ച് യുവതികള്‍ കൂടി പരാതിയുമായി എത്തി. ലൈംഗികചൂഷണം ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്ന കാര്യവും അന്വേഷിക്കുമെന്ന് മേല്‍നോട്ടം വഹിക്കുന്ന സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News