സ്റ്റെര്‍ലിംഗ് ബയോടെക് കള്ളപ്പണക്കേസ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോ‍ഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു

സ്‌റ്റെർലിംഗ്‌ ബയോടെക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യുന്നു.

ഗുജറാത്ത് ആസ്ഥാനമായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഉടമകളായ സന്ദേസര കുടുംബം 5000 കോടി വായ്പ എടുത്തു മുങ്ങുകയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഫോഴ്‌സ്‌മെന്റ് നടപടി. അഹമ്മദ് പട്ടേലിന്റെ മകനും മരുമകനും പട്ടേലിന്റെ വസതിയിൽ വച്ച് സന്ദേസര കുടുംബം നൽകിയ പണം സ്വീകരിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ.

അഹമ്മദ് പട്ടേലിന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇ ഡിക്ക് ഇതുവരെ സ്ഥാപിക്കാൻ ആയിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അഹമ്മദ് പട്ടേലിന് എൻഫോഴ്‌സ്‌മെന്റ് 2 തവണ നോട്ടീസ് നൽകിയിരുന്നു.

പക്ഷേ കൊവിഡ് ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് 3 അംഗ എൻഫോഴ്‌സ്‌മെന്റ് സംഘം പട്ടേലിന്റെ ദില്ലിയിലെ വസതിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here