അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതെ കമ്പനികള്‍ പ്രതിസന്ധിയില്‍; വ്യാപാര യുദ്ധത്തിലേക്ക്

ഇന്ത്യ- ചൈന വ്യാപാരസംഘർഷവും മുറുകുന്നു. ഇറക്കുമതിവിലക്ക്‌, തീരുവനിരക്ക്‌ ഉയർത്തൽ തുടങ്ങിയ നടപടികളിലേക്ക്‌ കടന്നില്ലെങ്കിലും തുറമുഖങ്ങളിൽ ഉൽപ്പന്നങ്ങൾക്ക്‌ കസ്റ്റംസ് അനുമതി ഇരു രാജ്യങ്ങളും വൈകിക്കുന്നു. വിവിധ കമ്പനികള്‍ ഓര്‍ഡര്‍ ചെയ്ത ചൈനീസ്‌ ഉൽപ്പന്നങ്ങളും അസംസ്കൃതവസ്തുക്കളും ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു.

ചൈന, ഹോങ്‌കോങ്‌ തുറമുഖങ്ങളിൽ ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ തടഞ്ഞിട്ടു. കിഴക്കന്‍ ലഡാക്കിലെ സംഘർഷത്തോടെയാണ് തുറമുഖങ്ങളിൽ കസ്റ്റംസ്‌ ഇടപെടൽ‌.

ചൈനീസ്‌ ഉൽപ്പന്നങ്ങൾ തടയണമെന്ന്‌ ഔദ്യോഗിക തീരുമാനമില്ലെങ്കിലും കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍ ചൈനീസ് ഇറക്കുമതി പായ്‌ക്കറ്റുകളെല്ലാം തുറന്ന് സൂക്ഷ്‌മ പരിശോധനയിലേക്ക്‌ കടന്നു. രഹസ്യാന്വേഷണ‌ റിപ്പോർട്ട് പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

ചൈനീസ് അസംസ്‌കൃതവസ്‌തുക്കൾ തടയുന്നതിനാൽ നിർമാണപ്രവർത്തനം സ്‌തംഭിച്ചതായി ഇന്ത്യയിൽ യൂണിറ്റുകളുള്ള അമേരിക്കന്‍‌ കമ്പനികൾ കേന്ദ്രത്തെ അറിയിച്ചു. ചൈനയെ ആശ്രയിക്കുന്ന ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്‌.

ചൈന, ഹോങ്‌കോങ് കസ്റ്റംസ്‌ അധികൃതർ ഉൽപ്പന്നങ്ങൾ പിടിച്ചുവയ്‌ക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ എക്‌സ്‌പോർട്ട്‌സ്‌ ഫെഡറേഷൻ (എഫ്‌ഐഇ) വാണിജ്യ മന്ത്രാലയത്തിനു കത്തയച്ചു. വിഷയത്തിൽ ഇടപെടാന്‍ കേന്ദ്ര പരോക്ഷനികുതി–- കസ്റ്റംസ്‌ ബോർഡിനോട് നിര്‍ദേശിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കൊറിയർ കമ്പനികൾ ചൈനീസ്‌ ഉൽപ്പന്നങ്ങൾ തൽക്കാലത്തേക്ക്‌ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. ജർമൻ കൊറിയർ കമ്പനിയായ ഡിഎച്ച്‌എല്ലിന്റെ ഇന്ത്യൻ ശാഖ 10 ദിവസത്തേക്ക്‌ ചൈനീസ്‌ ഉൽപ്പന്നങ്ങൾ എടുക്കില്ലെന്ന്‌ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here