സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും, എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം

സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും,എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമില്ലാതെ. പരാതിയുമായി നേതൃത്വം.

കെ എം ഷാജിയുടെ നിയമസഭാ സ്ഥാനാർത്ഥിത്വം ‌കോടതിവിധിയുടെ കാരുണ്യത്തിലേക്ക് നീങ്ങവേ ലീഗിൽ
സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി വിദ്യാർത്ഥി യുവജനസംഘടനകളിൽ അനുകൂല വിഭാഗങ്ങളെ സൃഷ്ടിച്ചു
തുടങ്ങി.

എം എസ് എഫിൽ ഷാജിയുടെ ഇടപെടൽ കുഞ്ഞാലിക്കുട്ടി വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
യൂത്ത് ലീഗ് , എം എസ് എഫ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലുൾപ്പെടെ തമ്മിലടിയും രൂക്ഷമായിരിക്കുകയാണ്.

എം എസ് എഫ് നിരീക്ഷൻ കെ എം ഷാജി അനുകൂലിയായ പി എം സാദിഖലിയുടെ ഇടപെടലുകളാണിപ്പോൾ
സംഘടനക്കുള്ളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നത്.ഏറ്റവുമൊടുവിൽ മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം
‘ചന്ദ്രിക’പത്രത്തിൽ വന്നപ്പോൾ മാത്രമാണ് സംസ്ഥാന ഭാരവാഹികൾ അറിയുന്നത്.

സംസ്ഥാനകമ്മറ്റിയാണ് ജില്ലാ കമ്മറ്റികളെ തെരെഞ്ഞെടുക്കേണ്ടത് എന്നിരിക്കെയാണ് സംസ്ഥാനകമ്മറ്റി പോലുമറിയാതെ ക‍ഴിഞ്ഞ ദിവസം ഈ തീരുമാനമുണ്ടായത്.

മലപ്പുറം ജില്ലാ എം എസ്‌ എഫ്‌ നിരീക്ഷകൻ കെ എം ഗഫൂർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ലീഗ്‌ ജില്ലാ ജന.സെക്രട്ടറി യു എ ലത്തീഫ്‌ ഭാരവാഹികളെ പ്രഖ്യാപിച്ചത്‌.കെ എം ഗഫൂർ കടുത്ത ഷാജി അനുകൂലിയാണ്‌.

എം എസ് എഫ് സംസ്ഥാന കമ്മറ്റി പ്രസിഡന്‍റിനേയും ട്രഷറേയും തെരെഞ്ഞെടുത്തത് നേരത്തെ തന്നെ വിഭാഗീയത രൂക്ഷമാക്കിയിരുന്നു. പതിനൊന്ന് ജില്ലകളിലെ എതിരഭിപ്രായം കണക്കിലെടുക്കാതെയായിരുന്നു സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനേയും ട്രഷററായി സി കെ നജാഫിനേയും തെരെഞ്ഞെടുത്തത്.

സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണം നിലനിൽക്കെയായിരുന്നു എം എസ് എഫിന്‍റെ സംസ്ഥാന ഭാരവാഹിത്വം
കെ എം ഷാജി അനുകൂലി എന്ന പരിഗണനയിൽ നജാഫിന് നൽകിയത്.

വിദ്യാർത്ഥി യുവജന സംഘടനകളിൽ സ്വാധീനമുണ്ടാക്കി കെ എം ഷാജിയുടെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കോടതിവിധി അനുകൂലമല്ലെങ്കിൽ ലീഗിൽ ശക്തമായ സ്വാധീനമുറപ്പിക്കാനാണ് കെ എം ഷാജിയുടെ ശ്രമം.

ഇതിനായി യൂത്ത് ലീഗ് എംഎസ്എഫ് വിഭാഗങ്ങളിൽ അനുകൂലികളെ കുത്തിക്കയറ്റുകയാണെന്ന് ലീഗിലുൾപ്പെടെ അഭിപ്രായമുയർന്നിരുന്നു. കഴിഞ്ഞ ഭാരവാഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എംഎസ്എഫ് പ്രവർത്തകർ നിരീക്ഷകൻ പി എം സാദിഖലിയെ കോ‍ഴിക്കോട് ലീഗ്‌ ഹൗസിൽ പൂട്ടിയിട്ട സംഭവത്തിൽ തുടങ്ങിയ
ശക്തമായ വിഭാഗീയതയാണ് സംഘടനയിൽ തുടരുന്നത്.

മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ ഏകപക്ഷീയമായി തെരെഞ്ഞെടുത്തതിനെതിരെ മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്‍റും ലീഗ് ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾക്ക് പരാതിനൽകിയിരിക്കുകയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം.

യൂത്ത്‌ ലീഗിൽ പികെ ഫിറോസിനെ മാറ്റി ഷാജി അനുകൂലിയെ സ്ഥാപിക്കാനുള്ള നീക്കങ്ങൾ യൂത്ത്‌ ലീഗിലും പോര്‌ രൂക്ഷമാക്കിയിട്ടുണ്ട്‌. ഫിറോസിനെ ദേശീയ നേതൃത്വത്തിലേക്ക്‌ മാറ്റണമെന്ന അഭിപ്രായം ഷാജി വിഭാഗം ഉയർത്തിക്കഴിഞ്ഞു. ഷാജി അനുകൂലിയായ മലപ്പുറത്ത്‌ നിന്നുള്ള മുജീബ്‌ കാടേരിയെ‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റാക്കാനാണ്‌ നീക്കങ്ങൾ നടക്കുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here