എസ്ഡിപിഐകാര്‍ വെട്ടി വീഴ്ത്തിയിട്ടും അവന്‍ തളര്‍ന്നില്ല; മരണത്തെയും തോല്‍പ്പിച്ച് ജെറിന്‍ അഭിഭാഷകവൃത്തിയിലേക്ക്

തിരുവനന്തപുരം: പ്രസ്ഥാനത്തിന്റെ പിന്‍ബലത്തില്‍ അവന്‍ പൊരുതി നേടിയ ഈ അംഗീകാരം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്. ജീവിതം പോരാട്ടമായപ്പോള്‍ നേടിയ അഭിഭാഷകവൃത്തിക്ക് വാനോളം ഉയരമുണ്ട്. ജെറിന്‍, നാളെയുടെ വിപ്ലവത്തിന്റെ പ്രചോദനമാണ് നീ.

ജെറിനെ കൊല്ലാനുറപ്പിച്ചാണ് എസ്ഡിപിഐകാര്‍ വന്നത്. വെട്ടിയരിഞ്ഞു വീഴ്ത്തിയിട്ടും അവന്‍ തളര്‍ന്നില്ല. നിശ്ചയദാര്‍ഢ്യവും വിശ്വസിച്ച പ്രസ്ഥാനത്തിന്റെ കൈത്താങ്ങും തുണയായപ്പോള്‍ ജീവിതം പോരാട്ടമാക്കി. കൊല്ലാന്‍ വന്നവരെയും മരണത്തെയും തോല്‍പ്പിച്ച് ഇതാ അഭിഭാഷകവൃത്തിയിലേക്ക്.

എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയറ്റംഗവും യൂണിവേഴ്‌സിറ്റി യൂണിയന്‍ ഓഫീസ് സെക്രട്ടറിയുമായിരുന്ന ജെ ജെറിനാണ് ശനിയാഴ്ച സന്നത് എടുത്ത് അഭിഭാഷകനായത്. രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ എന്റോള്‍മെന്റിലൂടെ ജെറിന്‍ അഭിഭാഷകനാകുന്നത് കാണാന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, നേതാക്കളായ കോലിയക്കോട് കൃഷ്ണന്‍നായര്‍, വി ശിവന്‍കുട്ടി, സി അജയകുമാര്‍, ബി പി മുരളി എന്നിവരും ഉണ്ടായിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനാണ് ജെറിന്‍. ഓഫീസിലെ സ്റ്റുഡിയോ സൗകര്യം ഉപയോഗപ്പെടുത്തിയാണ് എന്റോള്‍ ചെയ്തത്. 2013 ആഗസ്ത് ഒന്നിനാണ് എസ്ഡിപിഐകാര്‍ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററില്‍ കയറി ജെറിനെ വെട്ടിയത്.

കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എ എം അന്‍സാരിക്കും വെട്ടേറ്റു. മകനെ വെട്ടിയതറിഞ്ഞ് ജെറിന്റെ അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചു. ആശുപത്രിക്കിടക്കയില്‍നിന്നാണ് അച്ഛനെ അവസാനമായി കാണാന്‍ ജെറിന്‍ എത്തിയത്.

പിന്നീട് മരണത്തോടും ജീവിത സാഹചര്യങ്ങളോടുമുള്ള പോരാട്ടമായിരുന്നു. മൂന്നുമാസം വിവിധ ആശുപത്രിയില്‍ ചികിത്സ. ഡ്രൈവറായ സഹോദരന്‍ ജിജോയുടെ സഹായത്തോടെ പഠനം മുന്നോട്ടുകൊണ്ടുപോയെങ്കിലും പകുതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം പുലര്‍ത്താന്‍ ഡ്രൈവര്‍ ജോലിയിലേക്കു തിരിഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി ഇസ്ലാമിക് ഹിസ്റ്ററിക്കും ഐടിഐയിലും അഡ്മിഷന്‍ ലഭിച്ചെങ്കിലും പഠനം തുടരാനായില്ല. പിന്നീട് സിപിഐ എം കാട്ടാക്കട എരിയ സെക്രട്ടറി ആയിരുന്ന ഐ ബി സതീഷിന്റെ പ്രേരണയും സഹപ്രവര്‍ത്തകരുടെ സഹായവുംകൊണ്ട് എല്‍എല്‍ബി പ്രവേശന പരീക്ഷയെഴുതി. 412-ാം റാങ്കില്‍ പാസായി തിരുവനന്തപുരത്തു തന്നെ പ്രവേശനം ലഭിച്ചു.

ശാരീരിക ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അലട്ടിയെങ്കിലും സിപിഐ എം, എസ്എഫ്‌ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രോത്സാഹനവും സഹായവുംകൊണ്ട് പഠനം പൂര്‍ത്തീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജോലിയും പഠന സൗകര്യങ്ങളുമൊരുക്കി നല്‍കി പാര്‍ടി തണലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here