
കൊച്ചി: അങ്കമാലിയില്‍ അച്ഛന്റെ മര്‍ദ്ദനമേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തു. കൈ കാലുകളുടെ ചലനശേഷി വീണ്ടെടുത്തു. കുഞ്ഞ് ചിരിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയതിനു ശേഷം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയാണുണ്ടായത്. പിന്നീട് അപസ്മാരം വരികയോ അബോധാവസ്ഥയിലേക്ക് പോവുകയോ ഉണ്ടായിട്ടില്ല. അപകടനില തരണം ചെയ്‌തെങ്കിലും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ 18നാണ് 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് അച്ഛന്റെ ആക്രമണം നേരിടേണ്ടി വന്നത്. അങ്കമാലിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ഇയാള്‍തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞെങ്കിലും കുഞ്ഞിന്റെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് കുഞ്ഞിന്റെ അമ്മ നടന്ന സംഭവങ്ങള്‍ പോലീസിനോട് പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുഞ്ഞായതിലുള്ള നിരാശയും കുഞ്ഞ് തന്റേതല്ലെന്ന സംശയവുമാണ് ഷൈജുവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കി. 48 മണിക്കൂര്‍ നിര്‍ണ്ണായകമായിരുന്നെങ്കിലും കുഞ്ഞ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here