ഇന്ത്യയില്‍ നാലുദിവസംകൊണ്ട് മുക്കാല്‍ ലക്ഷം കൊവിഡ് ബാധിതര്‍; 3.09 ലക്ഷം പേര്‍ രോഗമുക്തര്‍

ഇന്ത്യയിൽ നാല്‌ ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്‌ മുക്കാൽ ലക്ഷത്തോളം പേര്‍ക്ക്. ഒറ്റ ദിവസത്തെ രോ​ഗികളുടെ എണ്ണം ആദ്യമായ് ഇരുപതിനായിരത്തിന് തൊട്ടടുത്തെത്തി.

24 മണിക്കൂറില്‍ 19906 രോ​ഗികള്‍, 410 മരണം.ആകെ രോ​ഗികള്‍ 5.47 ലക്ഷം കടന്നു. മരണം 16500 ലേറെ. ജൂണിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 3.58 ലക്ഷം രോ​ഗികള്‍. അടുത്ത മാസത്തോടെ രോ​ഗികള്‍ പത്തുലക്ഷം കടന്നേക്കും.

തമിഴ്‌നാട്‌, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്‌. മഹാരാഷ്ട്രയിൽ മൂന്നാം ദിവസവും രോ​ഗികള്‍ അയ്യായിരത്തിലേറെ. ആകെരോ​ഗികള്‍ 1.64 ലക്ഷം.

തമിഴ്‌നാട്ടിൽ ഒറ്റദിവസം രോ​ഗികള്‍ നാലായിരത്തോളം. ആകെ 82000 കടന്നു. കർണാടകയിൽ ഒറ്റ ദിവസത്തെ രോ​ഗികള്‍ ആദ്യമായ് ആയിരം കടന്നു. ആകെ 13000. ഡൽഹിയിൽ 83000 കടന്നു. യുപിയിൽ 22000. ബംഗാളിലും രാജസ്ഥാനിലും 17000 കടന്നു. ആന്ധ്രയിലും മധ്യപ്രദേശിലും കേസുകൾ 13000 ത്തിലേറെ.

മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 156 മരണം. ആകെ മരണം 7429. തമിഴ്‌നാട്ടിൽ 54 മരണം, ആകെ 1079. ഡൽഹിയിൽ 65 മരണം. ആകെ 2623. കർണാടകയിൽ 16 മരണം,ആകെ207. ഞായറാഴ്ച ബംഗാളിൽ 10 മരണം. യുപിയിൽ 11 , മധ്യപ്രദേശിൽ ഏഴ്‌ , ആന്ധ്രയിൽ 12.

രോ​ഗമുക്തര്‍ 3.09 ലക്ഷം

രാജ്യത്ത്‌ കോവി‍ഡ്മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.06 ലക്ഷത്തിലേറെ‌. 3.09 ലക്ഷം പേർ രോഗമുക്തരായപ്പോൾ ചികിത്സയില്‍ 2.03 ലക്ഷം പേര്‍. രോഗമുക്തി നിരക്ക്‌ 58.56 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 13842 പേർ രോഗമുക്തരായി. പരിശോധന 82.28 ലക്ഷമായി.

●മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവ‌ കോവിഡ്‌ ലക്ഷണമായ് ഉള്‍പ്പെടുത്തി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ. പനി, ചുമ, ശ്വാസതടസ്സം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്‌, ക്ഷീണം, പേശിവേദന, തലവേദന, മണവും സ്വാദും നഷ്ടമാകൽ, തൊണ്ടവേദന എന്നിവ നിലവില്‍ ലക്ഷണം.
●ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെ സീനിയർ അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് അഷീം ഗുപ്‌ത കോവിഡ്‌ ബാധിച്ച് മരിച്ചു. ഭാര്യക്കും കോവിഡ്.
●ബിഎസ്എഫിൽ 33 ജവാന്മാർക്ക് കൂടി കോവിഡ്. രോ​ഗബാധിതര്‍ 944 ആയി. 302 പേർ ചികിത്സയില്‍
● പ്ലാസ്‌മ തെറാപ്പിക്ക്‌ വിധേയനായ സിആർപിഎഫ്‌ ജവാൻ മരിച്ചു. സിആർപിഎഫിൽ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌. 540 പേർ ചികിത്സയിൽ.
●ഐടിബിപിയിൽ 24 മണിക്കൂറിൽ ആറ്‌ ജവാന്മാർക്ക്‌ കൂടി കോവിഡ്‌. 90 പേർ ചികിത്സയിൽ.

അടച്ചിടൽ നീട്ടാൻ മഹാരാഷ്ട്ര

കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ അടച്ചിടൽ നീട്ടുമെന്ന്‌ മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേ. ജൂൺ 30ന്‌ നിലവിലെ നിയന്ത്രണം അവസാനിക്കാനിരിക്കെയാണ്‌ പ്രതികരണം. രാജ്യം അൺലോക്‌ 1 ആരംഭിച്ച സാഹചര്യത്തിൽ ‘മിഷൻ ബിഗിൻ എഗെയിൻ’ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌ഡൗണിനെ തുടർന്ന്‌ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള നടപടിയാണിത്‌. അതേസമയം, മുംബൈയിൽ വിജയം കണ്ട ‘വൈറസിനെ തുരത്തുക’ പദ്ധതി(ചെയിസ്‌ ദ വൈറസ്‌) മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. ഒരു കോവിഡ്‌ രോഗിയുമായി അടുത്ത്‌ ഇടപഴകിയ 15 പേരെ സ്ഥാപന നിരീക്ഷണത്തിലേക്ക്‌ മാറ്റുകയാണ്‌ പദ്ധതി. മെയ്‌ 27നാണ്‌ ഇതിന്‌ തുടക്കമായത്‌.

‘മിഷൻ ബിഗിൻ എഗെയിൻ’ ഭാഗമായി അതിതീവ്രമേഖലയിലൊഴികെ മുംബൈയിൽ മൂന്നു മാസത്തിന്‌ ശേഷം മുടിവെട്ട്‌ കടകൾ തുറന്നു. മഹാരാഷ്ട്ര പൊലീസിൽ 48 മണിക്കൂറിൽ ഒരു കോവിഡ്‌ മരണം, 150 രോ​ഗികള്‍.

ഡൽഹിയിൽ സമൂഹവ്യാപനമില്ലെന്ന്‌ അമിത്‌ ഷാ

പ്രതിദിനം മൂവായിരം രോ​ഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും ആശങ്കവേണ്ടെന്നും ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ജൂലൈയില്‍ ഡൽഹിയില്‍ രോ​ഗം 5.5 ലക്ഷമാകുമെന്ന ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയുടെ പ്രസ്‌താവന ജനങ്ങളിൽ ഭീതി സൃഷ്ടിച്ചെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹില്‍ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനമുണ്ട്‌.

മുഖ്യമന്ത്രി കെജ്‌രിവാൾ എല്ലാ കാര്യങ്ങളും അറിയുന്നു‌. ചില രാഷ്ട്രീയ പരാമർശങ്ങൾ വന്നിട്ടുണ്ടാകാം. എന്നാൽ അതൊന്നും തീരുമാനങ്ങളെ ബാധിക്കാറില്ല. ജൂൺ 14 ന്‌ ഡൽഹിയിൽ പതിനായിരം കോവിഡ്‌ കിടക്കകളാണുണ്ടായിരുന്നത്‌.

ജൂൺ മുപ്പതോടെ അത്‌ മുപ്പതിനായിരമാകും. ഇതിനുപുറമെ 8000 റെയിൽ കോച്ച്‌ കിടക്കകളുമുണ്ട്. 250 ഐസിയു കിടക്കകളുള്ള ആശുപത്രി ഡിആർഡിഓ സ്ഥാപിക്കുന്നുണ്ട്‌– അമിത്- ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News