ഷംന ബ്ലാക്ക് മെയില്‍ കേസ്; മൂന്നു നടന്‍മാരില്‍ നിന്നും മൊഴിയെടുത്തു; ഷംനയുടെ വിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയത് നടന്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നു നടന്മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

ഷംനക്കൊപ്പം വിദേശസ്റ്റേജ് ഷോകളില്‍ പങ്കെടുത്ത രണ്ടു പേരില്‍ നിന്നും പ്രതികളിലൊരാളുമായി സൗഹൃദമുള്ള മറ്റൊരു നടനില്‍ നിന്നുമാണ് മൊഴിയെടുത്തത്. ഷംനയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ക്ക് ഈ നടനാണ് കൈമാറിയത്. പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടന്മാരില്‍ നിന്നും മൊഴിയെടുത്തത്.

പ്രതികള്‍ ഷംനയെ ലക്ഷ്യമിട്ടതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

റഫീഖുമായി അടുത്തബന്ധമുള്ള ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ഗള്‍ഫില്‍ സലൂണുള്ള ഇയാള്‍ക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാന്‍ പ്രതികള്‍ക്ക് വഴിയൊരുക്കിയത് ഇയാളാണ്.

നിര്‍മാതാവില്‍നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് പ്രതികള്‍ക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.

ഇടുക്കി സ്വദേശിനിയാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണില്‍ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

തട്ടിപ്പുസംഘത്തില്‍ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News