സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്; മലപ്പുറത്തിനായി പ്രത്യേക സംഘം

സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പുതിയ തലത്തിൽ എത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളുണ്ടാവുകയും ചെയ്യുന്നു.

ഉറവിടം കണ്ടെത്താനാകാത്ത കേസുകളെ ചുറ്റിപ്പറ്റി പുതിയ രോഗികളുടെ ക്ലസ്റ്റർ രൂപപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ ശ്രമം. ഒരു പ്രദേശത്തെ ഉറവിടമറിയാത്ത കേസുകളുടെയും ഇവരുമായി സമ്പർക്കത്തിലുള്ളവരുടെയും വിവരം മനസ്സിലാക്കി കണ്ടെയ്ൻമെന്റ്‌ സോണാക്കുന്നു.

വീട്‌ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധന നടത്തും. പോസിറ്റീവാകുന്നവരുമായി ഇടപഴകിയവരെ കണ്ടെത്തും. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കേസുകളുടെ എണ്ണം പെരുകിയാൽ അതിനെ നേരിടാൻ സർജ് പ്ലാനും തയ്യാറാണ്‌.

രോഗികളെ ആശുപത്രിയിൽ കൊണ്ടുവരുന്നതുമുതൽ എല്ലാം ഉൾക്കൊള്ളിച്ച വിശദമായ പ്ലാനാണ്‌ ഇത്‌. ജനങ്ങളുടെ ആത്മാർഥമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇവ കാര്യക്ഷമമായി നടപ്പാക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത്‌ ട്രിപ്പിൾ ലോക്ഡൗൺ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജൂലൈ ആറ്‌ അർധരാത്രിവരെ ട്രിപ്പിൾ ലോക്‌ഡൗൺ. സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പെടെ അഞ്ച്‌ ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്‌. എടപ്പാൾ, പൊന്നാനി പ്രദേശങ്ങൾ ഉൾപ്പെടെ തീവ്രരോഗബാധയുള്ള ഇടങ്ങളിൽ കുറഞ്ഞത് 10,000പേരിൽ പരിശോധന നടത്തും.

പനി, ശ്വാസകോശപ്രശ്നങ്ങൾ എന്നിവയുള്ളവരെ പരിശോധിക്കും. ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-–- ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണമില്ലെങ്കിലും പരിശോധിക്കും.

മാർക്കറ്റുകളിൽ കോവിഡ് പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളേജുകളിൽനിന്നുള്ള ആരോഗ്യസംഘം അടുത്ത മൂന്നു ദിവസം ക്ലസ്റ്റർ സോണിൽ പരിശോധനയും വീടുതോറുമുള്ള സർവേയും നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലപ്പുറത്തിനായി പ്രത്യേക സംഘം

കോവിഡ്‌ വ്യാപനം ഗുരുതര ഘട്ടത്തിലെത്തിയ മലപ്പുറത്തെ സ്ഥിതിഗതികൾ ഏകോപിപ്പിക്കാൻ ഉന്നത സംഘം. സെന്റിനെൽ സർവെയ്‌ലൻസിൽ അഞ്ച്‌ ആരോഗ്യപ്രവർത്തകർ രോഗബാധിതരായി കണ്ടെത്തിയിരുന്നു. ‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News