ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഈ ആപ്പുകളും നിരോധിക്കണം; പേടിഎം, സൊമാറ്റോ, സ്നാപ് ഡീല്‍ അടക്കം പത്തോളം ഇന്ത്യന്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നത് ചൈനീസ് ഭീമന്‍ ആലിബാബയുടെ നിക്ഷേപത്തില്‍; ഷവോമിക്കും എട്ടു കമ്പനികളുടെ ഷെയര്‍

ചൈനയോടുള്ള നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത്തിനെതിരെ സമിശ്ര പ്രതികരണം. ചൈനീസ് വ്യവസായ ഭീമനായ ആലിബാബ ഭൂരിപക്ഷം ഷെയറുകളും കൈവശം വച്ചിരിക്കുന്ന പെറ്റിഎം അടക്കമുള്ള കമ്പനികളും നിരോധിക്കണം എന്ന ആവശ്യവും ശക്തമാകുന്നു.

ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പെറ്റിഎം പുറത്ത് ഇറക്കിയ പരസ്യത്തില്‍ ശക്തമായ നടപടിയെന്നാണ് പെറ്റിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ട്വീറ്റ് ചെയ്തത്. പക്ഷെ രാജ്യത്ത് വലിയ ചൈനീസ് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനിയാണ് പെറ്റിഎം.

ചൈനയിലെ വന്‍കിട വ്യവസായ പ്രമുഖനായ ആലിബാബയില്‍ നിന്നും 2019 നവമ്പറില്‍ 550 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പെറ്റിഎം സ്വീകരിച്ചത്. നിലവിലെ 7.18 ശതമാനം ഷെയറുകളും ആലിബാബ നേരിട്ട് കൈവശം വച്ചിരിക്കുന്നു. ഇത് കൂടാതെ ആലിബാബയുടെ അഫിലിയേറ്റഡ് കമ്പനിയായ മറ്റൊരു ചൈനീസ് ഗ്രൂപ്പ് ആന്റ് ഫിനാന്‍ഷ്യലിനു പെറ്റിഎം 29.7 ശതമാനം ഷെയറുകളും നല്‍കി. പേറ്റിഎം കൂടാതെ സോമറ്റോയില്‍ ആലിബാബ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളായ ബിഗ് ബാസ്‌ക്കറ്റ്, സ്നാപ് ഡീല്‍, ടിക്കറ്റ്‌നൗ തുടങ്ങി 10 കമ്പനികളും ആലിബാബ നിക്ഷേപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ നിര്‍മാണ കമ്പനിയായ ഷവോമി ഇന്ത്യന്‍ കമ്പനികളായ ഹംഗാമ, ഷെയര്‍ ചാറ്റ് തുടങ്ങിയ എട്ട് കമ്പനികളുടെ ഷെയറുകളും സ്വന്തമാക്കിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചൈനീസ് നിക്ഷേപം ആകര്‍ഷിക്കാന്‍ നിരവധി നിയമങ്ങള്‍ ഇളവ് ചെയ്തു. വിദേശ നിക്ഷേപം സ്വീകരിക്കേണ്ട എഫ്.ഡി. ഐ ചട്ടങ്ങള്‍ ഉദാരമാക്കി. ഇത് അവസരമാക്കി 2015മുതല്‍ 2019 വരെ 88 ഓളം പദ്ധതികളിലും ഐറ്റി, മൊബൈല്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും ചൈനീസ് നിക്ഷേപം നടന്നു.

2019ല്‍ മാത്രം 19 പ്രൊജെക്ടുകളിലും ചൈനീസ് പണം ഒഴുകി എത്തി. ഇന്ത്യയിലെ മൂന്നില്‍ രണ്ട് സ്റ്റാര്‍ട്ട് അപ്പുകളിലും ചൈനീസ് നിക്ഷേപം ഉണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ വിവര സാങ്കേതിക രംഗത്ത് ആഴത്തിലാണ് ചൈനീസ് ബന്ധം. 6.2 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെങ്കിലും ആകെ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.

59 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കുന്നതിനൊപ്പം ചൈനീസ് കമ്പനികള്‍ നിയന്ത്രിക്കുന്ന കമ്പനികളും നിരോധിക്കണമെന്ന ആവിശ്യം ശക്തമായിട്ടുണ്ട്. മുഖം രക്ഷിക്കാന്‍ മാത്രമാണ് ആപ്പുകള്‍ നിരോധിച്ചത് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍
പേറ്റിഎം നിരോധിക്കണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം. പി മാണിക്യന്‍ ആവശ്യപ്പെട്ടു.

അതേസമയം, നിരോധിച്ച ടിക്ക് ടോക്ക് അടക്കമുള്ള മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here