എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

കൊവിഡെന്ന മഹാമാരിയെ തോൽപ്പിച്ച് ചരിത്ര കുറിച്ച് എസ് എസ് എൽ സി പരീക്ഷാ ഫലം. ഇത്തവണ 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതൽ. 41906 വിദ്യാര്‍ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 637 സർക്കാർ സ്കൂളുകളും മികവ് കാട്ടി.

ലോകത്തിന് തന്നെ മാതൃകയായി, മഹാമാരിയെ വെല്ലുവിളിച്ച് നടത്തിയ പരീക്ഷയുടെ മികവുറ്റ വിജയം അതായിരുന്നു ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം. 4,22,092 വിദ്യാര്‍ഥികൾ പരീക്ഷ എഴുതിയതിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 പേരാണ്. മൊഡറേഷൻ ഇല്ലാതെയായിരുന്നു ക‍ഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തെ പിന്നിലാക്കിയ വിജയം.

41906 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 37,304 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. ഏറ്റവും കുറവ് വയനാട് – 95.04 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനം.

എറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്‌. പരീക്ഷ എ‍ഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടിയതിൽ സർക്കാർ സ്കൂളുകൾ മികവ് പുലർത്തി. ക‍ഴിഞ്ഞ വർഷം 599 സ്കൂളുകൾ എന്നത് ഇത്തവണ 637 സ്കൂളുകളായി ഉയർന്നു. ഗൾഫിൽ 98.32 ശതമാനവും ലക്ഷദ്വീപിൽ 94.76 ശതമാനവുമാണ് വിജയം.1770 വിദ്യര്‍ത്ഥികളാണ് പ്രൈവറ്റായി പരീക്ഷയെഴുതിയത്.വിജയ ശതമാനം 76.61.

ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിന് ജൂലൈ 2 മുതൽ 7 വരെ അപേക്ഷിക്കാം. സേ പരീക്ഷയ്ക്ക് പരമാവധി 3 വിഷയങ്ങൾക്ക് വേണ്ടി മാത്രം അപേക്ഷിക്കാം. സിബിഎസ്ഇ പരീക്ഷാ ഫലം കൂടി വന്നതിന് ശേഷം പ്ളസ് വൺ പ്രവേശന നടപടി ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ളസ് വണ്ണിന് പഠിക്കാൻ സാധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News