ധാരാവിയെ മാതൃകയാക്കി മുംബൈ നഗരം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 പൊട്ടിപുറപ്പെടുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയെ കുറിച്ചായിരുന്നു. ധാരാവിയിലെ ജീവിത ശൈലി സാമൂഹിക അകലമെന്ന പ്രാഥമിക പ്രതിരോധ നടപടികള്‍ പോലും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കൊച്ചു മുറിയില്‍ എട്ടും പത്തും പേര്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന പ്രദേശത്തെ എങ്ങിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാമെന്നതായിരുന്നു നഗരം നേരിട്ട പ്രധാന വെല്ലുവിളിയും. എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരവിയിലെ കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞതാണ് ഇന്ന് മുംബൈ നഗരത്തിന് പ്രത്യാശ നല്‍കുന്നതും.

സാമൂഹ്യ വ്യാപനത്തിന്റെ വക്കില്‍ നിന്നും ധാരാവി കരകയറി തിരിച്ചുവരികയാണ്. കേരള മോഡല്‍ കോവിഡ് പ്രതിരോധം വഴിയാണ് ധാരാവി പിടിച്ചുനിന്നതെന്ന് ദേശീയ മാധ്യമങ്ങളും മറാത്താ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ധാരാവിയിലുള്‍പ്പെടെ മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലാകെയും കോവിഡ് രോഗം ഭീതി വിതച്ച സാഹചര്യത്തില്‍ മേയ് 18 നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ഭയ്യാ തോപ്പെ കോവിഡ് പ്രതിരോധത്തിലെ കേരള പാഠങ്ങള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെടുന്നത്.

കേരളം പിന്തുടര്‍ന്ന കോവിഡ് പ്രോട്ടോക്കോളും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളും ധാരാവിയില്‍ നടപ്പിലാക്കാനായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കേരളത്തിന്റെ സഹായം തേടിയത്. കേരളത്തില്‍ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്വാറന്റൈന്‍ രീതികള്‍ തൊട്ട് കമ്മ്യുണിറ്റി കിച്ചണ്‍ വരെയുള്ള കാര്യങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത് ധാരാവിക്ക് ഗുണം ചെയ്തു.

കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗിച്ചതാണ് രോഗവ്യാപനം പിടിച്ചുകെട്ടാന്‍ കാരണമായത്. 550 ഏക്കറില്‍ പത്തു ലക്ഷത്തോളം ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ സാമൂഹ്യ വ്യാപനമുണ്ടായാല്‍ വലിയൊരു ദുരന്തത്തിന് മുംബൈ സാക്ഷിയാകുമായിരുന്നു. മുംബൈയുടെ മറ്റ് ഭാഗങ്ങള്‍ ഇപ്പോഴും കോവിഡ് ഭീതിയില്‍ തന്നെയാണ്. ധാരാവിയില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനാണ് ആരോഗ്യ വകുപ്പിന്റെ പദ്ധതി.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ അന്ധേരി, ജോഗേശ്വരി, കാന്തിവ്ലി , ബോറിവ്ലി എന്നിവയുള്‍പ്പെടെ പുതിയ ഹോട്ട്സ്പോട്ടുകള്‍ ദിവസേന വര്‍ദ്ധിച്ചു വരികയാണ്. വടക്കന്‍ മുംബൈയിലെ ആറ് പ്രാന്ത പ്രദേശങ്ങളില്‍ ‘ധാരവി മോഡല്‍’ നടപ്പാക്കാന്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തീരുമാനിച്ചു.

അന്ധേരി ഈസ്റ്റ്, അന്ധേരി വെസ്റ്റ്, ബോറിവ്ലി, കാന്തിവ്ലി, ദഹിസര്‍, മലാഡ് എന്നിവിടങ്ങളില്‍ താമസിക്കുന്ന 25 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം, മൊബൈല്‍ ക്ലിനിക്കുകളും തുടങ്ങിയതോടെ ഈ പ്രദേശങ്ങളിലെല്ലാം കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ബിഎംസി ആരംഭിച്ച ‘മിഷന്‍ സീറോ’ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി 16 ഓളം ആരോഗ്യ ക്യാമ്പുകളാണ് ദഹിസര്‍, ബോറിവ്ലി, കാന്തിവ്ലി മേഖലകളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. മൊബൈല്‍ വാനുകള്‍ ആയിരക്കണക്കിന് ആളുകള്‍ക്കായി സ്‌ക്രീനിംഗ് പ്രക്രിയയും തുടങ്ങിയതോടെ ജനങ്ങള്‍ക്കിടയിലെ ഭീതി കുറയുവാനും കാരണമായി.

സിവില്‍ ബോഡിയുടെ സോണ്‍ 7 ല്‍ വരുന്ന വാര്‍ഡ് ആര്‍ സൗത്ത് (കാന്തിവ്ലി), വാര്‍ഡ് സെന്‍ട്രല്‍ (ബോറിവ്ലി), വാര്‍ഡ് നോര്‍ത്ത് (ദഹിസര്‍) എന്നിവിടങ്ങളില്‍ കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കോവിഡ് -19 കേസ് കണ്ടെത്തിയാല്‍ ബിഎംസി മുഴുവന്‍ കെട്ടിടത്തിനും മുദ്രയിടുന്ന നടപടികള്‍ കൂടാതെ കണ്ടൈന്റ്‌മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

‘മിഷന്‍ സീറോ’ എന്ന തീവ്രപരിപാടിയിലൂടെ മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് ബിഎംസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍ക്കായി കൊറോണ വൈറസ് പരിശോധന കിറ്റുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്.

ധാരാവി മോഡല്‍ സംവിധാനത്തില്‍ ട്രാക്കിംഗ്, പരിശോധന, ചികിത്സ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ വടക്കന്‍ മുംബൈയിലെ റെഡ് സ്‌പോട്ടുകളിലും ധാരാവി മോഡല്‍ പരീക്ഷിക്കും.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ജൂണ്‍ 29 വരെ സംസ്ഥാനത്ത് കേസുകളുടെ എണ്ണം 1,69,883 ആയപ്പോള്‍ മരണസംഖ്യ 7,610 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം കോവിഡ് -19 കേസുകളുടെ എണ്ണം 76,765 വര്‍ദ്ധിച്ചപ്പോള്‍ സാമ്പത്തിക തലസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4,463 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here