കൊറോണയ്ക്ക് പിന്നാലെ പുതിയ വെെറസ്; മനുഷ്യരിലേക്കും പകരുമെന്ന് കണ്ടെത്തല്‍

കൊറോണയ്ക്ക് പിന്നാലെ മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പറയുന്നു.

ജി4 എന്നു പേരു നല്‍കിയിരിക്കുന്ന ഈ വൈറസ് 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച്1എന്‍1 വൈറസിനോട് സാമ്യമുള്ളതാണെങ്കിലും രൂപമാറ്റമുണ്ട്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടര്‍ന്നു പിടിക്കാമെന്നും നിലവിലുള്ള ഒരു വാക്‌സിനും ജി4 ല്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നുമാണ് ഗവേഷകര്‍ നല്‍കുന്ന ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പ്.

ജി4 എന്നുപേരിട്ടിരിക്കുന്ന വൈറസ് മനുഷ്യരിലേക്ക് പടരാന്‍ ഏറെ സാധ്യതയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗവേഷണത്തില്‍ പങ്കെടുത്ത് 10.4 ശതമാനം ആളുകള്‍ ഇതിനോടകം വൈറസ് ബാധിതരായിട്ടുണ്ടെങ്കിലും മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് വൈറസ് ബാധ പടരുമോ എന്ന കാര്യത്തില്‍ സൂചനകളില്ല.

അത്തരത്തില്‍ പകര്‍ന്നാല്‍ വലിയ ഭീഷണിയായിത്തീരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2011 മുതല്‍ 2018വരെ ചൈനയിലെ പത്ത് പ്രവിശ്യകളിലായി 30,000ത്തിലധികം പന്നികളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നായി 180 ഓളം വൈറസുകളെ വേര്‍തിരിച്ചിരുന്നു.

ഇത്തരത്തില്‍ കണ്ടെത്തിയതില്‍ ഏറെയും 2016 മുതല്‍ കാണപ്പെടുന്ന പുതിയയിനം വൈറസുകളായിരുന്നു. പുതിയ ഇനം വൈറസായതിനാല്‍ മനുഷ്യരിലേക്ക് പടര്‍ന്നാല്‍ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മനുഷ്യശരീരത്തില്‍ എത്തിയാല്‍ വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാവുന്ന ജി4ന്റെ ജനിതകഘടന ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകര്‍ പറയുന്നു. അതിനാല്‍ പന്നികളുമായി അടുത്തിടപഴകുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News