ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു; പ്രതികളുടെ കൂട്ടത്തില്‍ സിനിമാ രംഗത്തു നിന്നുള്ളവര്‍ ഇല്ല; അന്വേഷണം പൂര്‍ത്തിയായതായി ഐജി വിജയ് സാഖറെ

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം താരത്തെ തട്ടിക്കൊണ്ട് പോകാനും പദ്ധതിയിട്ടു. കേസിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളുടെ പദ്ധതിയുടെ പൂർണരൂപം അന്വേഷണ സംഘത്തിന് വ്യക്തമായത്.
കേസിൽ എട്ട് പ്രതികൾ ഇതിനോടകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നാല് പേരെക്കൂടി പിടികൂടി വരും ദിവസങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
ഷംനാ കാസിമിന്റെത് ഉൾപ്പടെ അഞ്ച് കേസുകളിലെ അന്വേഷണമാണ് പൂർത്തിയായത്. ഷംനാ കാസിമിന്റെ മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെ  പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പ് സംഘം  തട്ടിക്കൊണ്ട് പോകാനും പദ്ധതി ഇട്ടിരുന്നതായി പൊലീസിന് വ്യക്തമായത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്ന മറ്റൊരാളിൽ നിന്നാണ് സ്വർണക്കടത്തിനെന്ന പേരിൽ താരങ്ങളെ വലയിലാക്കാനുള്ള തന്ത്രം പ്രതികൾ പഠിച്ചത്.
നിയമാനുസരിതമായി സ്വർണം കൊണ്ട് പോകുന്നതിന് പോലീസിന്റെ പിന്തുണയും ഉണ്ടെന്നു പ്രതികൾ ഇരകളെ വിശ്വസിപ്പിച്ചു. ഇതിനായി ഫോട്ടോകളും സെൽഫികളും ഇവർ നൽകി. സമാന രീതിയിൽ പല താരങ്ങളെയും സ്റ്റേജ് കലാകാരന്മാരെയും മോഡലുകളെയും ഇവർ സമീപിച്ചിട്ടുണ്ട്. സ്വർണം കൊണ്ട് പോകാൻ ഷംനാ കാസിം തയ്യാറാകാതെ വന്നതോടെയാണ് ഇവർ വിവാഹത്തിനെന്ന രൂപത്തിൽ ഷംനാ കാസിമിന്റെ കുടുംബവുമായി അടുത്തത്.

വിവാഹത്തിന് താരവും താരത്തിന്റെ കുടുംബവും തയ്യാറാകാതെ വന്നതോടെ നടിയെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടാനും പ്രതികൾ പദ്ധതിയിട്ടു. കേസിലെ പ്രധാന കണ്ണികളായ ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവർ ചേർന്നാണ് ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയത്.

നടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിക്കൊണ്ട് പോകാനുള്ള പ്രതികളുടെ പദ്ധതി പാളിയത്. ഇതിനിടെ വിവാഹാലോചനയുമായി ചെന്നത് തട്ടിക്കൊണ്ട് പോക്ക് ആസൂത്രണം ചെയ്യാൻ മതിയായ സമയം ലഭിക്കാൻ ആണെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പന്ത്രണ്ട് പേരടങ്ങുന്ന പ്രതികളുടെ കൂട്ടത്തിൽ 7 പേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. എട്ടാമതായി പിടികൂടിയ ആൾക്ക് കോവിഡ് ഉള്ളതിനാൽ പരിശോധനാ ഫലം നെഗറ്റിവ് ആയ ഉടൻ ഇയാളുടെ അറസ്റ് രേഖപ്പെടുത്തും. പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആൾ ഉൾപ്പടെ നാല് പേര് കൂടി ഇനി പിടിയിലാകാൻ ഉണ്ട്.
ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ സിനിമാ രംഗത്തെ പലരെയും സമീപിച്ചിട്ടുണ്ടെങ്കിലും സിനിമാ രംഗത്തെ മറ്റാർക്കും പ്രതികളുമായി ബന്ധമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News