ഡിവൈഎഫ്ഐ റീ സൈക്കിൾ കേരള; ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയിൽ നിന്ന് സ്വരൂപിച്ചത് 81,25,806 രൂപ

കൊല്ലം ജില്ലയിൽ ഡിവൈഎഫ്ഐ റീ സൈക്കിൾ കേരളയിലൂടെ കണ്ടെത്തിയത്‌ 81,25,806 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക സംസ്ഥാന സെക്രട്ടറി എ എ റഹിം ഏറ്റുവാങ്ങി.

കൊല്ലം ജില്ലയിലെ ഡിവൈഎഫഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പാഴ് വസ്തുകൾ ശേഖരിക്കുന്നതിനൊപ്പം മഴക്കാലപൂർവ ശുചീകരണവും നടന്നു. ജില്ലയിലെ പ്രധാന ജല സ്രോതസ്സുകളായ അഷ്ടമുടി കായലിൽ നിന്നും കല്ലടയാറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ശുചീകരണ ലോഷനും സാനിറ്റൈസറും നിർമിച്ചു വിപണനം നടത്തി.

ലോക്ക്ഡൗൺ ഘട്ടത്തിൽ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റികൾ നടത്തിയ ലോക്ക് ആർട്സിന്റെ ഭാഗമായി ലഭിച്ച കലാസൃഷ്ടികൾ നൽകി ലഭിച്ച പണവും റീസൈക്കിൾ കേരളയുടെ ഭാഗമായി. കൈത്തറിമുണ്ട് ചലഞ്ച്, കരിമീൻ ചലഞ്ച്, ചെമ്മീൻ ചലഞ്ച് എന്നിവയിലൂടെയും പണം കണ്ടെത്തി.

കാർഷിക ഉൽപ്പന്ന വിപണനത്തിലൂടെയും ഡിവൈഎഫ്ഐ പ്രവർത്തകയുടെ അധ്വാനത്തിലൂടെയും ലഭിച്ച പണം റീസൈക്കിൾ കേരളയിലേക്ക് കൈമാറിയിട്ടുണ്ട്. പാഴ് മരങ്ങൾ ശേഖരിച്ചു വിറ്റത് അടക്കം വിവിധ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, പ്രസിഡന്റ്‌ ശ്യാംമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ഗോപിലാൽ, കെ പ്രദീപ്, കെ എസ് ബിനു, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here