അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ്‌ നേതൃയോഗം ഇന്ന്; വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ജോസ്‌ വിഭാഗം

ജോസ്‌ കെ മാണി വിഭാഗത്തെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയതിന്റെ അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ്‌ നേതൃയോഗം ബുധനാഴ്‌ച. ജോസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയത്‌ മധ്യകേരളത്തിൽ വലതുമുന്നണിയുടെ വേരറുക്കുന്ന ആത്മഹത്യാപരമായ നടപടിയാണെന്ന്‌‌ യുഡിഎഫിനുള്ളിൽ അഭിപ്രായമുയർന്നു.

ഇതോടെ ഇനി ചർച്ചയില്ലെന്നു പറഞ്ഞ നേതൃത്വം, ഒരു ദിവസം കഴിയും മുമ്പ്‌ വാതിൽ അടഞ്ഞിട്ടില്ലെന്ന്‌ ‌നിലപാട്‌ മയപ്പെടുത്തി. യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്നും ജോസ് കെ മാണിക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും‌ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു‌.

കോട്ടയത്തെ ധാരണ നടപ്പാക്കിയാൽ ഇനിയും ചർച്ചയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌‌ ഉമ്മൻചാണ്ടി പ്രതികരിച്ചു. പ്രശ്‌നം എങ്ങനെയും പരിഹരിക്കണമെന്ന്‌ ഘടകകക്ഷികൾ ആവശ്യപ്പെടുമ്പോൾ കോൺഗ്രസ്‌ നേതൃത്വം കൈയ്യും കെട്ടിനിൽക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. എന്നാൽ ജോസ്‌ വിഭാഗത്തെ പുറത്താക്കിയത്‌ കെപിസിസിയുടെയും എ കെ ആന്റണിയുടെയും പൂർണ സമ്മതത്തോടെയാണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന നിലപാടിലാണ്‌ ജോസ്‌ വിഭാഗം. പാർടിയുടെ നിലപാട്‌ ‌ ഉചിതമായ സമയത്ത്‌ തീരുമാനിക്കുമെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. വെറുമൊരു സ്ഥാനത്തിനുവേണ്ടി ഹൃദയബന്ധമാണ്‌ യുഡിഎഫ്‌ മുറിച്ചതെന്നും ജോസ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News