‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’; തടിച്ചിയെന്ന് പരിഹസിച്ചവരോട്, ഇത് തീര്‍ത്ഥയുടെ മധുര പ്രതികാരകഥ

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’ ബോഡിഷെയ്മിങ്ങില്‍ ചാലിച്ച പരിഹാസങ്ങള്‍ക്കൊടുവില്‍ എല്ലാം തികഞ്ഞവരെന്നു ഭാവിക്കുന്ന മോഡലിംഗ് മുതലാളിമാരുടെ സ്ഥിരം ഡയലോഗാണിത്.എന്നാല്‍ സീറോ സൈസുകള്‍ക്ക് മാത്രമല്ല, തടിയുള്ളവര്‍ക്കും മോഡലിംഗ് രംഗത്ത് ട്രെന്‍ഡിംഗ് ആവാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തീര്‍ഥ അനില്‍കുമാര്‍.

തടിയുടെ പേരില്‍ ഗെറ്റ് ഔട്ട് അടിച്ചവരോട് മധുര പ്രതികാരം ചെയ്ത ആ പെണ്ണിന്റെ കഥയാണ് തടിയെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നത്. പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നായികയുടെ പുറകില്‍ ആരും കാണാതെ ഒളിപ്പിച്ചു നിര്‍ത്തിയ തലശ്ശേരിക്കാരി മുന്‍നിരയിലേക്ക് നിശ്ചയദാര്‍ഢ്യം കൊണ്ട് നടന്നു കയറിയ കഥയാണിത്.

കണ്ണൂര്‍ തലശ്ശേരിക്കാരിയായ തീര്‍ത്ഥ ‘ഭൂതം’ എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങളെല്ലാം ഇപ്പോള്‍ വൈറലാണ്. ചിത്രം പോസ്റ്റചെയ്താല്‍ തടിച്ചിയെന്നു കൂവിയെത്തുന്ന ഫേക് ഐഡികളെ വക വയ്ക്കാതെ തീര്‍ഥ മുന്നേറുകയാണ്. അഭിനയവും മോഡലിങ്ങും ആങ്കറിങ്ങുമൊന്നും അല്‍പം തടിച്ച പെണ്‍കുട്ടികള്‍ക്കു കൈവയ്ക്കാനാവാത്ത മേഖലയല്ലെന്നു തെളിയിക്കുന്നു ഈ യുവ സൈക്കോളജിസ്റ്റ്.

തീര്‍ത്ഥക്ക് പറയാനുള്ളത് ഇങ്ങനെ:

തടിയുള്ളവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഇന്നും പലരുടേയും ചവറ്റുകൊട്ടയിലാണ്. പക്ഷെ ആ അവഗണനയില്‍ നിന്ന് ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് നടന്നു കയറി. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനു ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അന്ന് എന്റെ കൂടെ ഉള്ളവരെല്ലാം ‘സീറോ സൈസ്’ മോഡലുകളാണ്. എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിര്‍ത്തി. ഒടുവില്‍ പരസ്യം പുറത്ത് വന്നപ്പോള്‍ ഞാനില്ല.

അതിന് ശേഷവും ഒരുപാട് മാഗസീനുകളില്‍ ട്രൈ ചെയ്തു. അപ്പോഴും സ്ഥിരം പല്ലവിയില്‍ പരിഹാസ വാക്കുകള്‍ കേട്ടു ‘പോയി തടി കുറച്ചിട്ട് വാ…’ പക്ഷെ എല്ലാം പോസിറ്റീവായി എടുക്കാന്‍ ഞാന്‍ പഠിച്ചിരുന്നു. തടിയുള്ളവര്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. എന്നെങ്കിലുമൊരു ദിനസം ഏതെങ്കിലും ഒരു മാഗസീനിന്റെ കവര്‍ ഗേള്‍ ആകണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്റെ വീട്ടുകാരും സുഹൃത്തുകളുമാണ് എന്റെ സ്വപ്നത്തിലേക്കുള്ള ഏറ്റവും വലിയ ഊര്‍ജം.

അവസാനം എന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങളണ് വൈറലായത്. തടികാരണം തന്റെ സ്വപ്നങ്ങള്‍ മാറ്റി വയ്ക്കുന്നവരോട് എനിക്ക് പറയാനുള്ളത് നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പിറകേ പോകണം എന്നാണ്. അങ്ങനെ സ്വപ്നത്തെ പിന്തുടരുമ്പോള്‍ നമ്മള്‍ എങ്ങനെ ഇരിക്കും എന്നത് ഒരു തടസ്സമാകരുത്…… തീര്‍ത്ഥ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here