തിരുവനന്തപുരം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.
സാധാരണ എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയിലാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാ ഡോക്ടര്‍മാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ തന്നെ മികച്ച ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ഇത്തവണത്തെ ഡോക്ടേഴ്സ് അവാര്‍ഡ് വേണ്ടെന്ന് വച്ചു. ഈ അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും വ്യക്തിഗതമായുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാകുന്നതിന് പിന്നില്‍ ഡോക്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴും നമ്മള്‍ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ല. പലര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നുണ്ടെങ്കിലും പിന്നീടാണെങ്കിലും അവരുടെ സമ്പര്‍ക്കം കണ്ടെത്താന്‍ കഴിയുന്നുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ പോലും അതിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. കോവിഡ് ബാധിച്ച എല്ലാവര്‍ക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. ഇതോടൊപ്പം എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ്, ജില്ലാ-ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.