ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 131 പേര്‍ക്ക് രോഗമുക്തി; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

യു.എ.ഇ.- 23, കുവൈറ്റ്- 21, സൗദി അറേബ്യ- 15, ഖത്തര്‍- 10, ഒമാന്‍- 9, മള്‍ഡോവ- 3, ബഹറിന്‍- 1, യു.കെ.- 1, റഷ്യ- 1, യെമന്‍- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 17, ഡല്‍ഹി- 11, കര്‍ണാടക- 10, മഹാരാഷ്ട്ര- 3, ഉത്തര്‍പ്രദേശ്- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

കൂടാതെ കണ്ണൂരിലുള്ള 6 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 13 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27ന് കോഴിക്കോട് ജില്ലയില്‍ ആത്മഹത്യ ചെയ്ത കൃഷ്ണന്‍ (68) എന്ന വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊല്ലം ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 16 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (മലപ്പുറം-2, വയനാട്-1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കാസര്‍ഗോഡ്-1), മലപ്പുറം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2436 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,84,388 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2831 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 290 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,017 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4042 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,442 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്‍മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം, 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുന്‍സിപ്പാലിറ്റി (50), കാര്‍ത്തികപ്പള്ളി (7), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (6, 7, 9), വെള്ളാങ്ങല്ലൂര്‍ (14, 15), കടവല്ലൂര്‍ (14, 15, 16), കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡോക്ടേഴ്‌സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവന്‍ ബലികൊടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവാസികള്‍ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ സമ്പര്‍ക്കവും മരണവും വലുതായി വര്‍ധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗവ്യാപനം ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ.

ഈ ചട്ടം മാറ്റി, ഒരു തവണ കൊവിഡ് നെഗറ്റീവായാല്‍ തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തില്‍ അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നാല്‍ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവര്‍ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം.

വളണ്ടിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയില്‍ കേസെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതുഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ സേവനം ഉപയോഗിക്കും.

രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല. കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടും.

നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരം ശേഖരിക്കും. ആംബുലന്‍സ് ആവശ്യത്തിന് ലഭ്യമാകുമെന്ന് ഉറപ്പാക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭിക്കുമെന്നതില്‍ കൃത്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel