പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ‘ഡ്രീം കേരള’; നാടിന്റെ വികസനവും പ്രവാസികളുടെ പുനരധിവാസവും ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദ്ദേശവും ആശയവും സമര്‍പ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്‌ദ്ധോപദേശം നല്‍കാന്‍ യുവ ഐഎഎസ് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള്‍ അതത് വകുപ്പുകള്‍ക്ക് വിദഗ്ധ സമിതി നല്‍കും. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

പ്രവാസികളുടെ അറിവും കഴിവും വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ലോക കേരള സഭയ്ക്ക് ഉള്ളത്. തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു. കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി.

മെയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാര്‍ട്ടേര്‍ഡ് വിമാനം. യുഎയില്‍ നിന്ന് 447 വിമാനങ്ങളില്‍ 73000 പേരെത്തി. ആകെ വന്ന 143147 പേരില്‍ 52 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ടവരാണ്.

വിസ കാലാവധി തീര്‍ന്ന 46753 പേരെത്തി. 1543 വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ആര്‍ക്കും നിഷേധിക്കില്ല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ നല്‍കുന്നത്.

ആളോഹരി വരുമാനം ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണ്. 2018 ലെ സര്‍വേ പ്രകാരം 85000 കോടിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഇപ്പോഴത് ഒരു ലക്ഷം കോടി കടന്നു. 2018 ലെ കണക്ക് പ്രകാരം 169944 കോടി രൂപ കേരളത്തിലെ ബാങ്കുകളില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News