”ഫയലുകള്‍ വായിക്കാന്‍ ചെന്നിത്തല തയ്യാറാകണം, ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം; ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്”; ഇവിടെ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് അദ്ദേഹം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യിലുള്ള ഫയല്‍ മനസിരുത്തി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉള്‍ക്കൊള്ളണം. ചീഫ് സെക്രട്ടറി കണ്ടെത്തിയത് കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിലേക്ക് പോകാത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഫയലില്‍ ഒരു ഭാഗം മാത്രം കാണാന്‍ പറ്റില്ല. ഫയല്‍ ചീഫ് സെക്രട്ടറിയുടെ അഠുത്തേക്ക് തനിയെ നടന്ന് പോയതല്ല.

രമേശ് ചെന്നിത്തല കാണിച്ച ഭാഗത്തിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രിയുടെ ഭാഗമുണ്ട്. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് അതിന്റെ അര്‍ത്ഥം. ഈ ഭാഗം പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത് എന്തിനാണ്.

ഈ ഫയലില്‍ ഒരിടത്ത് മാത്രമല്ല പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. കയ്യിലുള്ള ഫയല്‍ മനസ്സിരുത്തി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്. തെറ്റായ കാര്യം ഓരോ ദിവസവും പറയുക, മാധ്യമങ്ങള്‍ മറുപടി തേടുക. ഇത്തരമൊരു വൃധാവ്യായാമം നടക്കുന്നു. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ല.

ഇലക്ട്രിക് ബസ് നിര്‍മ്മാണ പദ്ധതി കേരളത്തില്‍ നിന്ന് പറിച്ച് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് വളം വെച്ച് കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവരുത്. കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യം. അതടക്കം നിരത്തിലിറക്കി പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുക.

വൈദ്യുത വാഹന നിര്‍മ്മാണ മേഖലയില്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലിക്ക് അവസരം ഒരുക്കും. ബാറ്ററി നിര്‍മ്മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയില്‍ വളര്‍ച്ചയുണ്ടാകും. വ്യവസായ മേഖലയെ പരസ്പര ബന്ധിതവും കാലാനുസൃതവുമായ വളര്‍ച്ചയിലേക്ക് ഉയര്‍ത്താനാണ് ശ്രമം. അതിനെ ചുരുക്കിക്കാണാനും വിവാദത്തിലൂടെ തളര്‍ത്താനുമുള്ള ശ്രമം ജനവിരുദ്ധവും നാടിന്റെ വികസനത്തിന് എതിരുമാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News