ആറു ദിവസത്തിനിടെ ഒരു ലക്ഷം രോഗികൾ; ഒരു ദിവസത്തെ മരണം 500 കടന്നു; ആശങ്കയോടെ രാജ്യം

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു. ആകെ കൊവിഡ് മരണം 18,000 ത്തോടടുത്തു. രാജ്യത്ത് ഓരോ ആറു ദിവസം കൂടുമ്പോൾ ഒരു ലക്ഷം കൊവിഡ് രോഗികൾ വീതം വർധിക്കുന്നു‌. ഓരോ അഞ്ചുദിവസം കൂടുമ്പോഴും 2000 മരണവും. ചൊവ്വാഴ്‌ച
മാത്രം അഞ്ഞൂറിലേറെ മരണം റിപ്പോർട്ടു ചെയ്‌തു.

ആദ്യ രോഗം‌ റിപ്പോർട്ടു ചെയ്‌ത്‌ 109 ദിവസമെടുത്താണ്‌ രോഗികൾ ഒരു ലക്ഷമെത്തിയത്‌. രണ്ടു ലക്ഷമെത്തിയത്‌ 25 ദിവസകൊണ്ട്‌‌. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷവും എട്ടു ദിവസംകൊണ്ട്‌ നാലുലക്ഷമായി. അഞ്ചുലക്ഷമെത്താൻ ‌ആറുദിവസം മാത്രമാണെടുത്തത്‌‌.

അടുത്ത ആറു ദിവസംകൊണ്ട്‌ ആറുലക്ഷമെത്തി‌. പ്രതിദിന മരണവും വർധിക്കുകയാണ്‌. ജൂൺ 16ന്‌ 2004 മരണം റിപ്പോർട്ടു ചെയ്‌തിരുന്നെങ്കിലും അത്‌ മഹാരാഷ്ട്രയിലെയും ദില്ലിയിലും കണക്കിൽപ്പെടാതിരുന്ന 1500ലേറെ പഴയ കണക്ക്‌ ചേർത്തായിരുന്നു‌. അതല്ലാതെ കോവിഡ്‌ മരണം 500 കടക്കുന്നത്‌ ആദ്യമാണ്‌.‌

24 മണിക്കൂറിൽ 18,653 പുതിയ രോഗവും 507 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ദില്ലിയി 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.

അതേസമയം ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ, ഒരു ലക്ഷത്തി എൺപത്തിയെട്ടായിരത്തിൽ ഏറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ഉയർന്ന പ്രതിദിന നിരക്കാണിത്. അമേരിക്കയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും അധികം പേർക്ക് രോഗം ബാധിച്ചത്.

നാൽപ്പത്തിയേഴായിരത്തിൽ അധികം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 27 ലക്ഷത്തി എഴുപത്തിയയ്യായിരം പിന്നിട്ടു. ബ്രസീലിൽ നാൽപ്പത്തിയയ്യായിരത്തോളം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4718 പേർ കൂടി മരിച്ചതോടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി പതിനെട്ടായിരത്തിലേക്ക് അടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News