സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വീണ്ടും റിസർവ് ബാങ്കിലെ പണമെടുക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. സർക്കാരിൽനിന്ന് ആർബിഐ വാങ്ങിയ കടപത്രങ്ങൾക്ക് ലഭിച്ച പലിശ വരുമാനത്തിലാണ് ഇക്കുറി സർക്കാരിന്റെ കണ്ണ്.
ഏപ്രിൽ ഒന്നുമുതൽ ജൂൺ 21 വരെ 1.3 ലക്ഷം കോടി രൂപയുടെ സർക്കാർ കടപത്രം ആർബിഐ വാങ്ങിയിരുന്നു. പതിനായിരം കോടി രൂപ മൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ദ്വീതിയ വിപണിവഴി വിൽക്കുകയും ചെയ്‌തു. ഇതിൽ നിന്നെല്ലാമുള്ള വരുമാനം ലാഭവിഹിതമായി ഖജനാവിലേക്ക് എത്തിക്കാനാണ് ശ്രമം.
2018–-19 ൽ ലാഭവിഹിത ഇനത്തിൽ 28,000 കോടി രൂപ സർക്കാരിന് ആർബിഐയിൽനിന്ന് ലഭിച്ചു. സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായി ആർബിഐയുടെ കരുതൽ ശേഖരത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപകൂടി കൈക്കലാക്കി. സർക്കാരിന്റെ കെടുകാര്യസ്ഥതയും കോവിഡ് അടച്ചിടലുമെല്ലാം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയായാണ് കേന്ദ്രം വീണ്ടും ആർബിഐ വരുമാനത്തെ ആശ്രയിക്കുന്നത്.
ആലോചനകൾ കൂടാതെ നടപ്പാക്കിയ കറൻസി പിൻവലിക്കലോടെയാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞത്. തിരക്കിട്ടുള്ള ജിഎസ്‌ടി നടപ്പാക്കൽ സ്ഥിതി കൂടുതൽ വഷളാക്കി. കോവിഡ് അടച്ചിടൽ കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായി. വരുമാനം വർധിപ്പിക്കാൻ പെട്രോൾ–- ഡീസൽ എക്‌സൈസ് തീരുവ കുത്തനെ ഉയർത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.
Get real time update about this post categories directly on your device, subscribe now.