മുംബൈ വിമാനത്താവളത്തിൽ 7 മാസം ഗർഭിണിയായ മലയാളി യുവതി അനുഭവിക്കേണ്ടി വന്ന യാതനകൾ

സൗത്ത് ആഫ്രിക്കയിലെ അംഗോള എയർപോർട്ടിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിലാണ് മെയ് 28 രാത്രി തൃശൂർ സ്വദേശിയായ അമൃത മുംബൈയിൽ വിമാനമിറങ്ങുന്നത്. എന്നാൽ മുംബൈയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള തുടർ യാത്ര നിഷേധിച്ചു അമൃതയെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർ യാത്ര ചെയ്യാനാകില്ലെന്നും മുംബൈയിൽ ഹോട്ടൽ ക്വാറന്റൈനിൽ പോകുവാനുമായിരുന്നു ഉദ്യോഗസ്ഥരും ബി എം സി അധികൃതരും നിർബന്ധിച്ചത്.

ആഫ്രിക്കയിൽ നിന്നും പുറപ്പെടുന്നതിന് മുൻപ് മുംബൈ വിമാനത്താവളത്തിലെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു വിമാനം മാറി കയറുവാനുള്ള അനുമതി ഉറപ്പാക്കിയ ശേഷമായിരുന്നു യാത്ര പുറപ്പെട്ടത്.

ലക്ഷ്യ സ്ഥലത്തെത്തിയതിന് ശേഷം ക്വാറന്റൈനിൽ പോയാൽ മതിയാകും എന്ന ഉറപ്പിന്മേലായിരുന്നു മുംബൈയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള ടിക്കറ്റും മുൻകൂട്ടി എടുത്തത്. എന്നാൽ മുംബൈയിൽ ഇറങ്ങിയ അമൃതയെ നിലവിലെ നിയമം പോലുമറിയാത്ത കുറെ ഉദ്യോഗസ്ഥർ യാത്രാനുമതി നിഷേധിക്കുകയും ഹോട്ടൽ ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിക്കുകയായിരുന്നു.

ഏഴു മാസം ഗർഭിണിയാണെന്നും തന്റെ കൂടെ ആരുമില്ലെന്നും ഗ്യാസിന്റെയും ഛർദ്ദിയുടെയും പ്രശ്നമുണ്ടെന്നും കരഞ്ഞു പറഞ്ഞിട്ടും എയർപോർട്ട് ഉദ്യോസ്ഥരുടെയോ ബി.എം.സി.അധികൃതരുടെയോ മനസ്സലിഞ്ഞില്ല. പരസഹായമില്ലാതെ യാത്ര ചെയ്ത് അവശയായ യുവതിയെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പല കോണുകളിലിരിക്കുന്ന വിവിധ ഉദ്യോഗസ്ഥരെ കാണുവാൻ പറഞ്ഞു ചുറ്റിച്ചതല്ലാതെ പ്രയോജനമൊന്നും കണ്ടില്ല.

ഒടുവിൽ ഗത്യന്തരമില്ലാതെയാണ് രാത്രി ഒന്നര മണിയ്ക്ക് 5,000 രൂപ ദിവസ വാടക കൊടുത്ത് ലളിത് ഹോട്ടലിൽ 7 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കുന്നത്. കേരളത്തിലേക്കുള്ള വിമാന ടിക്കറ്റും ക്യാൻസലായി. ഒരു ലക്ഷത്തിലധികം രൂപ കൊടുത്താണ് ആഫ്രിക്കയിൽ നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്.

അപരിചിതമായ നഗരത്തിൽ ഗർഭിണിയായ യുവതിയുടെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ ഇന്നാണ് ബി എം സി അധികൃതർ കോവിഡ് ടെസ്റ്റിനുളള സാമ്പിൾ കളക്ട് ചെയ്തത്. ഇനിയും 48 മണിക്കൂർ കാത്തിരുന്നാലാണ് പരിശോധനാ ഫലം ലഭിക്കുക. നെഗറ്റീവാണെങ്കിൽ വീണ്ടും കേരളത്തിലേക്കുള്ള ടിക്കറ്റടുത്ത് പോകുവാൻ കഴിയും. മറിച്ചാണെങ്കിൽ അസുഖം ഭേദമാകുന്നത് വരെ മുംബൈയിൽ കഴിയണം.

വിദേശത്തു നിന്നും വരുന്ന ഗർഭിണികൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, മരണാനന്തര ആവശ്യങ്ങൾക്കു വരുന്നവർ, അടിയന്തര സാഹചര്യമുള്ള രോഗികൾ എന്നിവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ജൂൺ 16ന് പുറത്തിറക്കിയ സർക്കാർ ഉത്തരവു് നിലവിലിരിക്കെയാണ് ഗർഭിണിയായ യുവതിയ്ക്ക് ഇത്രയും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത്. വിദേശത്ത് നിന്ന് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വന്ന ഗർഭിണിക്ക് അർഹിക്കുന്ന പരിഗണനയും സംരക്ഷണവും നിഷേധിക്കുകയായിരുന്നു മുംബൈയിലെ എയർപോർട്ട് ഉദ്യോഗസ്ഥരും ബി എം സി അധികൃതരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News