തൂത്തുക്കുടി കസ്റ്റഡി മരണം; 4 പൊലീസുകാര്‍ കൂടി അറസ്റ്റിലായി; പടക്കം പൊട്ടിച്ച് ജനം

തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘനത്തിന് അറസ്റ്റിലായ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണന്‍, മുത്തുരാജ്, മുരുകന്‍, ഒളിവിലായിരുന്ന ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതുവരെ 5 പേരാണ് തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസില്‍ അറസ്റ്റിലായത്.

4 പൊലീസുകാര്‍ കൂടി അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നതിനെ വലിയ ആഘോഷത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്. അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

വനിതാ കോണ്‍സ്റ്റബിളിന്റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന്റെ പേരിലാണ് തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്‌സും പൊലീസ് കസ്റ്റഡിലായത്. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

എന്നാല്‍ ബെനിക്‌സിന്റെ കടയില്‍ രാത്രി 9 മണിക്ക് ശേഷം ആളുകള്‍ കൂട്ടംകൂടിയിരുന്നുവെന്നുംം ഇത് ചോദ്യം ചെയ്തതിന് പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും ഇങ്ങനെ ഇയാള്‍ക്ക് പരിക്കേറ്റെന്നുമാണ് പൊലീസിന്റെ എഫ്‌ഐആര്‍. എന്നാല്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് വാദം തെറ്റാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

പൊലീസ് കട അടയ്ക്കാനാവശ്യപ്പെടുമ്പോള്‍ ബെനിക്‌സ് കടയില്‍ തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here