എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്നത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസകളും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അഭിനന്ദന പ്രവാഹങ്ങളുമൊക്കെയാണ്. അക്കൂട്ടത്തില്‍ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും അഭിനന്ദനക്കുറിപ്പുകളുമുണ്ട്. എന്നാല്‍ വടകര മടപ്പള്ളി ജിവിഎച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ വി പി പ്രഭാരകരന്‍ മാസ്റ്ററുടെ വികാരഭരിതമായ ഫെയ്സ്ബുക്ക് കുറിപ്പ് അക്കൂട്ടത്തില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്.
പരീക്ഷയില്‍ തോറ്റ് പോയ തന്റെ വിദ്യാര്‍ത്ഥിയെ കുറിച്ച് പ്രധാനാധ്യാപകന്‍ കൂടിയായ പ്രഭാരകരന്‍ മാസ്റ്ററെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വടകര മടപ്പള്ളിയിലെ ജിവിഎച്ച്എസ്എസില്‍ നിന്ന് 435 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. റിസള്‍ട്ട് വന്നപ്പോള്‍ അക്കൂട്ടത്തില്‍ ഒരു കുട്ടി മാത്രം പരീക്ഷയില്‍ ജയിച്ചില്ല. എന്നാല്‍ ഫലം വന്ന ദിവസം താന്‍ വിളിച്ചത് അവനെ മാത്രമാണെന്നും കാരണം അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോയെന്നാണ് പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നത്.
റീ വാല്വേഷനല്‍ അവന്‍ ജയിക്കുമായിരിക്കും. അല്ലെങ്കില്‍ സേ പരീക്ഷയില്‍. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നതെന്നാണ് പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നത്.
പ്രഭാകരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്ക്കുമെന്ന് കരുതിയിരുന്നില്ല. തോല്ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു.
അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്‌നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പരാജയഭീതിയില്‍ വെളിച്ചമറ്റ കണ്ണുകളില്‍ കണ്ടതിളക്കം , ലൈബ്രറി മുറിയില്‍ പോകുമ്പോഴൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. എന്തൊരു സ്‌നേഹത്തോടെയാണ് ടീച്ചര്‍മാര്‍ അവരോട് പെരുമാറിയിരുന്നത്.
ഒരുപക്ഷേ ആ കുട്ടികള്‍ ജീവിതത്തില്‍ ഈ സ്‌നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്കാന്‍ ടീച്ചര്‍ക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല. പരീക്ഷാ ദിനങ്ങളില്‍ ഇവര്‍ ഇരിക്കുന്ന ക്ലാസ് മുറികളില്‍ പോവുമ്പോള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളില്‍ തട്ടി പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ നോക്കിയ നോട്ടത്തിലെ സ്‌നേഹം. എനിക്ക് ഇപ്പോള്‍ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ?
ഇന്നു വിളിച്ചപ്പോള്‍ പറഞ്ഞു: സാര്‍ ഞാന്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടില്‍ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോള്‍ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോന്‍ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോള്‍ അവന്‍ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.
ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ. റീ വാല്വേഷനല്‍ അവന്‍ ജയിക്കുമായിരിക്കും. അല്ലെങ്കില്‍ സേ പരീക്ഷയില്‍. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്.
പക്ഷേ പരീക്ഷകളില്‍ പരാജയപ്പെട്ട എത്രയോ പേര്‍ പിന്നീട് ജീവിതത്തില്‍ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാന്‍ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്‌ക്കൂളില്‍ വാ. അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: വരാം സാര്‍. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.

Get real time update about this post categories directly on your device, subscribe now.