വര്‍ഗീയത തുലയട്ടെ; മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മ്മകളുമായി മഹാരാജാസില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മ്മകളുമായി മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. അഭിമന്യു അവസാനമായി എഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം മഹാരാജാസിന്റെ ചുവരുകളില്‍ കുറിച്ചുകൊണ്ട് ഓര്‍മ്മകള്‍ക്ക് മുന്നില്‍ അവര്‍ തിരി തെളിയിച്ചു.

രണ്ട് വര്‍ഷം മുമ്പ് അഭിമന്യൂ കുത്തേറ്റ് മരിച്ച അര്‍ദ്ധരാത്രി 12.45ന് മഹാരാജാസിന്റ മണ്ണില്‍, അവനോടൊപ്പം അന്നുണ്ടായിരുന്നവര്‍ ഒരിക്കല്‍ കൂടി ഒത്തുകൂടി. ഇരുട്ടിന്റെ മറവില്‍ മതതീവ്രവാദികള്‍ ഇല്ലായ്മ ചെയ്ത ഇടനാഴിയില്‍ വെളിച്ചത്തിന്റെ തിരികള്‍ തെളിയിച്ചുകൊണ്ട്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മുദ്രാവാക്യം വിളികളുടെ ആരവത്തില്‍ അഭിമന്യു അവസാനമായി കുറിച്ച വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം വീണ്ടുമെഴുതി. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചത്. പതാക ഉയര്‍ത്തിയ ശേഷം മഹാരാജാസില്‍ സ്ഥാപിച്ച അഭിമന്യു സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നീട് നടന്ന അനുസ്മരണ സമ്മേളനം വിപി സാനു ഉദ്ഘാടനം ചെയ്തു.

അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയില്‍ സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്‌സാക്ഷിദിനം ആചരിച്ചു. അഭിമന്യുവിന്റെ രക്ഷിതാക്കളായ മനോഹരനും ഭൂപതിയും എത്തിയതോടെ വിപ്ലാരവം വികാരങ്ങള്‍ക്ക് വഴിമാറി.

ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here