കൊച്ചിയില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

കൊച്ചി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി.

പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.

വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ ജില്ല പൊതു ഗതാഗതം സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.എന്നാല്‍ എറണാകുളത്ത് വ്യാപാരികള്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പടര്‍ന്ന സാഹചര്യത്തില്‍ പൊതു ഗതാഗതയാത്രാ സംവിധാനങ്ങള്‍ക്ക് ജില്ലാഭരണകൂടം മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്:

*പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.

*കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.

*വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം.

*വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.

*പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കുകയും വേണം.

*കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്‌സി കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.

ഈ നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തി.പ്രൈവറ്റ് ബസ്, ടാക്‌സി കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here