വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന് പിന്തുണയറിയിച്ച് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്. ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തിന് എതിരെ യുഡിഎഫ് സമരങ്ങൾ നടത്തുമ്പോഴാണ് വ്യാപാരി സമൂഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചിയുടെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് സർക്കാരിന്റെ ഒപ്പമുണ്ടെന്നും സംഘടനാ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വൈറ്റില മൊബിലിറ്റി ഹബ്ബ് വാണിജ്യരംഗത്തിനും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഹബ്ബിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

വികസന പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ സർക്കാർ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു എന്നും കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി കാർത്തികേയൻ കൈരളി ന്യൂസിനോട് പറഞ്ഞു.

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസനപ്രവർത്തനങ്ങൾക്ക് എതിരെ സമരം ചെയ്യാനാണ് യുഡിഫ് ശ്രമിക്കുന്നത്. കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് സമഗ്രമായ വികസനം ലക്‌ഷ്യം വെച്ച് സർക്കാർ നടത്തുന്ന പ്രവർത്തങ്ങൾ ഇല്ലാതാക്കാനാണ് യുഡിഫ് ലക്‌ഷ്യം വെയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ രംഗത്ത് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here