ആളും ആഘോഷവുമില്ലാതെ ഇതിഹാസ കഥാകാരന്‍റെ നവതി ദിനം

ഇതിഹാസ കഥാകാരൻ ഒവി വിജയൻ്റെ നവതി ദിനം തസ്റാക്കിൽ കടന്നു പോയത് ആളും ആഘോഷവുമില്ലാതെ. കൊവിഡ് മഹാമാരിയുടെ കാലത്ത് ഒ വി വിജയൻ സ്മാരകം അടച്ചിട്ടതോടെ ഇതിഹാസ കഥയിലെ കഥാപാത്രങ്ങളുടെയും കഥാകാരൻ്റെ ഓർമകളും മാത്രമാണ് തസ്റാക്കിലുണ്ടായിരുന്നത്.

…. കരിമ്പനകൾക്കു മുകളിൽ നിന്നും ഇടക്കിടെ താഴേക്കൂർന്നിറങ്ങിയെത്തുന്ന മഴ…. സ്മാരകത്തിൻ്റെ കാവൽക്കാരൻ മജീദ്…. ഇവർക്കൊപ്പം കാലാതിവർത്തിയായ കഥാകാരൻ…ഇതിഹാസമെഴുതിയ കഥാകാരൻ്റെ നവതി ദിനത്തിലെത്തിയപ്പോൾ തസ്റാക്ക് തൊട്ടു മുമ്പ് പെയ്ത് തോർന്ന മഴയിൽ നനഞ്ഞ് നിൽക്കുകയാണ്… രവിയും,നൈസാമലിയും, മൈമൂനയുമെല്ലാം.. അപ്പുക്കിളിയുമെല്ലാം… ആളൊഴിഞ്ഞ സമയം ഖസാക്കിൻ്റെ കഥ പറയുന്നുണ്ടാവണം..കഥാകാരൻ്റെ എഴുത്ത് വഴികൾ തേടി കൂമൻകാവിനു മുന്നിലെ വലിയ കവാടം കടന്ന് വിദൂരങ്ങളിൽ നിന്നുള്ള കാലടിപ്പാടുകൾ ഇപ്പോഴെത്തുന്നില്ല. മാർച്ച് 24 മുതലാണ് ഒ വി വിജയൻ സ്മാരകം അടച്ചിട്ടത്.

ഏറെ നേരം കാത്തിരുന്നപ്പോൾ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമിയും പ്രവർത്തകരുമെത്തി. നവതി ദിനത്തിൽ തസ്റാക്കുകാർക്കായി ഭക്ഷണം വിതരണം ചെയ്യുകയാണ്.

കാലാതിവർത്തിയായ കഥാകാരൻ്റെ ഓർമയ്ക്കായി ഒരു ദിനമെന്തിന്.. കാലം തന്നെയാണ് സാക്ഷി….

” ഖസാക്കിൽ ചെതലിമലയുടെ താഴ്വരയിൽ ജമന്തിപ്പൂക്കൾ വിരിഞ്ഞു പൊട്ടി.ആ മണവും കൊണ്ട് കിഴക്കൻ കാറ്റ് വീശി… ” വസൂരിയുടെ കാലത്തെ ഇതിഹാസ കഥയിൽ ഇരുപതാമദ്ധ്യായത്തിൽ കഥാകാരൻ എഴുതി വച്ചതിങ്ങനെ. മറ്റൊരു മഹാമാരിയുടെ കാലത്ത് തസ്റാക്ക് ഒരിക്കൽക്കൂടി നിശ്ചലമായത് യാദൃശ്ചികതയാവാം… ജമന്തിപ്പൂക്കൾ പൊട്ടി വിരിഞ്ഞ കാലത്തെ അതിജീവിച്ച നാട് ഈ കാലത്തെയും അതിജീവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News