38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ്‌ അക്വിസിഷൻ കൗൺസിൽ ഇതിന്‌ അംഗീകാരം നൽകി.

റഷ്യയിൽനിന്ന്‌ 21 മിഗ്‌–29 യുദ്ധവിമാനം വാങ്ങും. സേനയുടെ പക്കലുള്ള 59 മിഗ്‌ വിമാനം നവീകരിക്കും. 12 സുഖോയ്‌ (എസ്‌യു–30 എംകെഐ) യുദ്ധവിമാനം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽനിന്ന്‌ വാങ്ങും.

മിസൈൽശേഷി വർധിപ്പിക്കുന്നതിന്‌ 1000 കി.മീ പരിധിയിൽ കരയാക്രമണം സാധ്യമായ ദീർഘദൂര ക്രൂസ്‌ മിസൈൽ സംവിധാനങ്ങൾ വാങ്ങും. നാവികസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിന്‌ കൂടുതൽ അസ്‌ത്ര മിസൈലുകളും സംഭരിക്കും. കരസേനയ്‌ക്ക്‌ ബിഎംപി കവചിത ആക്രമണവാഹനങ്ങളും സ്വന്തമാക്കും.

38,900 കോടി രൂപ മുടക്കിയുള്ള സംഭരണത്തിൽ 31,130 കോടി രൂപയും തദ്ദേശീയമായി നിർമിക്കുന്നവയാണ്‌. 21 മിഗ്‌ വിമാനങ്ങൾ വാങ്ങുന്നതിനും 59 മിഗ്‌ വിമാനങ്ങളുടെ നവീകരണത്തിനുമായി 7418 കോടി രൂപയാണ്‌ മുതൽമുടക്ക്‌.

12 സുഖോയ്‌ വിമാനത്തിന്‌ 10,730 കോടി രൂപയാണ്. മിസൈലുകൾക്കും കവചിത വാഹനങ്ങൾക്കും സൈനികാവശ്യത്തിനുള്ള റേഡിയോകൾക്കും റഡാറുകൾക്കും മറ്റുമായി 20,400 കോടി രൂപ മുതൽമുടക്കും.

എച്ച്‌എഎൽ നിർമിക്കുന്ന സുഖോയ്‌ വിമാനങ്ങളുടെ 80 ശതമാനവും തദ്ദേശീയ ഘടകങ്ങളായിരിക്കുമെന്ന്‌ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതിന്റെ സാങ്കേതികത ഡിആർഡിഒ തദ്ദേശീയ വ്യവസായങ്ങൾക്ക്‌ കൈമാറിയിരുന്നു.

പിനാക മിസൈൽ സംവിധാനം കൂടുതൽ റെജിമെന്റുകളിൽ ഒരുക്കുമെന്നും അസ്‌ത്ര മിസൈലുകൾ സേനകളുടെ പ്രഹരശേഷി കൂട്ടുമെന്നും പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here