പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാൻ അന്തരിച്ചു. ഹൃദയസംതംഭനത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.

ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരെ ഒരാഴ്ച്ച മുമ്പ് തന്നെ മുംബൈ ഗുരുനാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ സരോജ് ഖാന്റെ നില ഗുരുതരമാകുകയും വെളുപ്പിന് രണ്ടു മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

നാല് പതിറ്റാണ്ടായി നൃത്ത രംഗത്ത് സജീവമായിരുന്ന സരോജ് ഖാൻ ഇതിനകം രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് നൃത്ത ചുവടുകൾ ഒരുക്കിയ പ്രതിഭയാണ്. ശ്രീദേവി, മാധുരി ദീക്ഷിത് എന്നിവരുടെ പ്രശസ്തിക്ക് വലിയ സംഭാവനയാണ് സരോജ് ഖാന്റെ നൃത്തച്ചുവടുകൾ വഹിച്ചിട്ടുണ്ട്.

നിർമ്മല നാഗ്പാലായി ജനിച്ച സരോജ് ഖാൻ ‘നസറാന’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് നൃത്ത സംവിധായകൻ ബി. സോഹൻലാലിന്റെ കീഴിൽ സരോജ് ഖാൻ പശ്ചാത്തല നർത്തകിയായി രംഗത്തെത്തി. കുറച്ച് വർഷത്തോളം ഡാൻസ് കൊറിയോഗ്രാഫർ സഹായിയായും തുടർന്ന സരോജ് പിന്നീട് ഗീത മേര നാം (1974) എന്ന ചിത്രത്തിലൂടെയാണ് നൃത്ത സംവിധായികയായി ചുവടുറപ്പിച്ചത്.

‘മിസ്റ്റർ ഇന്ത്യ’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിൽ ശ്രീദേവി അവിസ്മരണീയമാക്കിയ “ഹവ ഹവായ്” (1987) എന്ന ഗാനരംഗത്തിലൂടെയാണ് സരോജ് ഖാൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി സരോജ് ഖാൻ ബോളിവുഡിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

ശ്രീദേവിക്കൊപ്പം നാഗിൻ, ചാന്ദ്‌നി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം 1990 കളിൽ “ഏക് ദോ ടീൻ”, “ഹം കോ ആജ് കൽ ഹായ് ഇന്റീസാർ”, “ധക് ധക് കർനെ ലഗ”, “ചോളി കെ പീച്ചെ ക്യാ ഹേ”, “ തമ്മ തമ്മ ” തുടങ്ങിയ ഗാനങ്ങളിലെ നൃത്തരംഗങ്ങളിലൂടെ സരോജ് ഖാൻ ബോളിവുഡിലെ സ്റ്റാർ കൊറിയോഗ്രാഫറായി അരങ്ങു വാഴുകയായിരുന്നു

സരോജിന്റെ മറ്റ് ജനപ്രിയ ചിത്രങ്ങളിൽ ബാസിഗർ, മൊഹ്‌റ, ഡാർ, ദിൽ‌വാലെ ദുൽ‌ഹാനിയ ലെ ജായേങ്കെ, ടാൽ, വീർ‌-സാര, പാർ‌ഡെസ്, സോൾ‌ജിയർ, ഡോൺ, സാവാരിയ, ലഗാൻ‌, തനു വെഡ്‌സ് മനു റിട്ടേൺ‌സ്, മണികർ‌ണിക എന്നിവയും ഉൾപ്പെടുന്നു.

ദേവദാസ്, ജബ് വി മെറ്റ്, ഗുരു, ഖൽനായക്, ചാൽബാസ് തുടങ്ങിയ ചിത്രങ്ങൾക്ക് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

നാച്ച് ബാലിയേ, ഉസ്തദോൺ കാ ഉസ്താദ്, ബൂഗി വൂഗി, തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിലും വിധികർത്താവായെത്തിയ സരോജ് ഖാൻ മാധുരി ദീക്ഷിത്തിന് വേണ്ടി ചിത്രീകരിച്ച കലങ്കിലെ (2019) “തബാഹ് ഹോ ഗെയ്” എന്ന ഗാനത്തിന് വേണ്ടിയായിരുന്നു അവസാനമായി നൃത്ത സംവിധാനം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here